എകെജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യും; പ്രതിയെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോള്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം. ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്നു. സുഹൈല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലും സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ പോലിസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും സുഹൈല്‍ ഷാജഹാന്‍ ഹാജരായിരുന്നില്ല. കസ്റ്റഡിയിലുള്ള ജിതിനെ ഇന്ന് എകെജി സെന്ററിലെത്തിച്ച് തെളിവെടുത്തേക്കും. എകെജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ഇനി അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ലക്ഷ്യം.
അതിനിടെ, ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍ പോയി. അന്വേഷണസംഘം ചോദ്യംചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍ പോയത്. പ്രതിക്ക് ഇരുചക്ര വാഹനമെത്തിച്ചത് വനിതാ നേതാവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ഇവരെ സാക്ഷിയാക്കാനാണ് നീക്കം നടക്കുന്നത്. ഗൂഢാലോചനയിലും ആക്രമണത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.