എകെജി സെന്റര്‍ ആക്രമണം: ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു

Update: 2022-07-27 18:01 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് പ്രത്യേകസംഘം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ്. നിലവില്‍ അന്വേഷണം നടത്തിയിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് ദിനരാജും സംഘത്തിലുണ്ട്. സംഭവത്തില്‍ ഐപിസി 436, എക്‌സ്‌പ്ലോസീവ് ആക്ടിലെ 3 (A) യും ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണം നടന്നിട്ട് ഒരുമാസമാവാറായിട്ടും പ്രതിയെ പിടികൂടാനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

പ്രത്യേക സംഘം അന്വേഷണം തുടങ്ങി ഇത്രനാളായിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആയിരത്തിലധികം സ്‌കൂട്ടറുകളും 500 ഓളം രേഖകളും പരിശോധിച്ചു. ബോംബ് നിര്‍മാണ കേസില്‍ പ്രതികളായവരെയും പടക്ക വില്‍പ്പനക്കാരെ പോലും ചോദ്യം ചെയ്തു. പക്ഷെ, പ്രതിയെക്കുറിച്ച് വ്യക്തമായ ഒരു സൂചന പോലും ലഭിച്ചില്ല.

മൂന്ന് ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രത്യേക സംഘം. വിവിധ സ്‌റ്റേഷനുകളിലെ പോലിസുകാരും ഷാഡോ പോലിസുകാരും സംഘത്തിലുണ്ടായിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇതുമായി ബന്ധപ്പെട്ട് ദിവസവും അവലോകനയോഗവും വിളിക്കുന്നുണ്ടായിരുന്നു. സിപിഎം സംസ്ഥാന സമിതി ഓഫിസിന് നേരേ ആക്രണമുണ്ടായിട്ടും പ്രതിയെ പിടുകൂടാന്‍ കഴിയാത്തത് പോലിസിന് വലിയ നാണക്കേടായി നില്‍ക്കവെയാണ് അന്വേഷണം കൈംബ്രാഞ്ചിന് കൈമാറിയത്. ജൂണ്‍ 30ന് രാത്രി 11.24നാണ് സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്.

Tags:    

Similar News