എകെജി സെന്റര്‍ ആക്രമണം: ജിതിനുമായി ഇന്ന് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും

Update: 2022-09-24 02:23 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. തെളിവുകളായ ടീ ഷര്‍ട്ടും ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. മാത്രവുമല്ല, കേസില്‍ നിര്‍ണായകമായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തണം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയില്‍ ലഭിച്ച ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്.

എകെജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഗൗരീശപട്ടത്തുവച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. അതേസമയം, പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കി. എകെജി സെന്റര്‍ ആക്രമണം സിപിഐഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമെന്നായിരുന്നു കെ സുധാകരന്റെ പരിഹാസം. കോടതി വരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയില്‍ കൊണ്ടുപോയാല്‍ പതിവുപോലെ മുഖ്യമന്ത്രിക്ക് യൂ ടേണ്‍ അടിക്കേണ്ടിവരുമെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News