എകെജി സെന്റര്‍ ആക്രമണം: സിസിടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്ന് പോലിസ്
നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണ് ചുവന്ന ബൈക്കുകാരനെന്ന് പോലിസ്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലിസ്. സിസിടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്ന് പോലിസ് കണ്ടെത്തല്‍. അക്രമണത്തിന് മുമ്പ് രണ്ടു തവണ ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിട്ടുണ്ട്. ഇത് നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണെന്നും തിരിച്ചറിഞ്ഞതായും പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലിസ് പരിശോധിച്ചുവരികയാണ്. സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പോലിസ് ശനിയാഴ്ച പറഞ്ഞിരുന്നു. സ്‌ഫോടക വസ്തു അടങ്ങിയതെന്ന് സംശയിക്കുന്ന ഒരു കവര്‍ പ്രതിക്ക് മറ്റൊരാള്‍ കൈമാറുന്നത് ദൃശ്യങ്ങളില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പോലിസ് പറയുന്നത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.