സന്‍ആ: ഇസ്രായേലി കപ്പലുകള്‍ക്ക് പുറമെ യുഎസ് കപ്പലുകള്‍ക്കും ചെങ്കടലിലും ഏഥന്‍ ഉള്‍ക്കടലിലും ബാബ് അല്‍ മന്ദബ് കടലിടുക്കിലും ഉപരോധം ഏര്‍പ്പെടുത്തിയതായി യെമനിലെ ഹൂത്തികള്‍ അറിയിച്ചു. യെമന് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഹൂത്തികളുടെ നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി അറിയിച്ചു. ഇസ്രായേലിനെ സഹായിക്കാനാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നും അതിനാല്‍ യുഎസ് കപ്പലുകളും ഉപരോധപരിധിയിലാണെന്ന് അദ്ദേഹം വിശദീകരിച്ചു.
യുഎസിന്റ ആക്രമണങ്ങള്‍ യെമന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ യുഎസ് സൈന്യത്തിന്റെ കപ്പലുകളും വിമാനവാഹിനികളും മറ്റു നാവിക സംവിധാനങ്ങളും ലക്ഷ്യമാക്കും. ഇസ്രായേലി താല്‍പര്യം സംരക്ഷിക്കാന്‍ പശ്ചിമേഷ്യയെ അടിമയാക്കി വെക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഗസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ പങ്കുണ്ടെന്നാണ് യുഎസ് പറയുന്നതെങ്കിലും അവര്‍ അത് ലംഘിച്ചിരിക്കുകയാണ്. ഫലസ്തീനികളെ വംശഹത്യ ചെയ്യുമ്പോള്‍ അതുകണ്ട് ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
ഫലസ്തീനുള്ള പിന്തുണ സ്വത്വത്തിന്റെയും വിശ്വാസത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമാണ്. ഗസയെ സഹായിക്കല്‍ മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ഗസയെ തകര്‍ക്കാന്‍ ശത്രുവിനെ അനുവദിക്കുകയാണെങ്കില്‍ നാളെ നമ്മളെയും ആ വിധി തന്നെയാണ് കാത്തിരിക്കുന്നുണ്ടാവുക. ഇസ്രായേലിനെ ആക്രമിക്കില്ലെന്നാണ് സിറിയയിലെ സായുധസംഘങ്ങള്‍ പറയുന്നത്. അധിനിവേശം അവസാനിപ്പിക്കാന്‍ അവര്‍ ഇസ്രായേലിനോട് കെഞ്ചുകയാണ്. എന്നിട്ടും ഇസ്രായേല്‍ കൂടുതല്‍ സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്. യുഎസിന്റെയും ഇസ്രായേലിന്റെയും അതിക്രമങ്ങള്‍ക്കെതിരെ മൗനം പാലിച്ചാല്‍ അക്രമങ്ങള്‍ കൂടുകയേ ഉള്ളൂ. പോരാടാതെ ഇരുന്നാല്‍ സംഘര്‍ഷം ഒഴിവാക്കാമെന്ന് കരുതുന്നവര്‍ കൂടുതല്‍ മോശം അവസ്ഥയില്‍ എത്തുകയേ ഉള്ളൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യെമനില്‍ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ആക്രമണത്തില്‍ 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം 2023 നവംബറില്‍ ഹൂത്തികള്‍ പിടിച്ചെടുത്ത ഇസ്രായേലി കപ്പലായ ഗാലക്‌സി ലീഡറിലെ കമാന്‍ഡ് സെന്ററിന് നേരെയും ആക്രമണമുണ്ടായി. ഈ കപ്പലിലെ ജീവനക്കാരെ ഗസയിലെ വെടനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.
ഗസയിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2023 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ 319 കപ്പലുകളെയാണ് ഹൂത്തികള്‍ ആക്രമിച്ചത്. ഗസ അധിനിവേശത്തിന് മുമ്പ് പ്രതിവര്‍ഷം 25,000 കപ്പലുകളാണ് ചെങ്കടലിലൂടെ കടന്നുപോയിരുന്നത്. ഹൂത്തികള്‍ ഉപരോധം തുടങ്ങിയതോടെ ഇത് 10,000 ആയിക്കുറഞ്ഞു. ചെങ്കടലിലൂടെയുള്ള യുഎസ്-യുകെ കപ്പലുകളുടെ സഞ്ചാരം 75 ശതമാനമാണ് കുറഞ്ഞത്. ഇതോടെ യുഎസ്-യുകെ ചരക്കുകള്‍ ലക്ഷ്യങ്ങളില്‍ എത്താന്‍ പത്ത് ദിവസം കൂടുതല്‍ സമയം എടുത്തു. കൂടാതെ ഒരു ട്രിപ്പിന് കൂടുതലായി 10 ലക്ഷം യുഎസ് ഡോളര്‍ അധിക ചെലവുമുണ്ടായി.