അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട യുഎസ്സിന് കൈമാറി
രാമല്ല: വെടിയേറ്റുമരിച്ച അല്‍ ജസീറയിലെ ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെറീന്‍ അബു ആഖിലയുടെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട പരിശോധനക്ക് വിധേയമാക്കുന്നതിനുവേണ്ടി യുഎസ് സംഘത്തിന് കൈമാറി.
വെടിയുണ്ട ഇസ്രായേല്‍ സംഘത്തിന് കൈമാറില്ലെന്ന് ഫലസ്തീന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഫലസ്തീനിലെ യുഎസ്സ് സ്ഥാനപതി ജനറല്‍ അക്രം അല്‍ ഖാതിബിനാണ് വെടിയുണ്ട കൈമാറിയത്.
ഫലസ്തീന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തോടെയാണ് മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതാണെന്ന വിവരം പുറത്തുവന്നത്. ഇസ്രായേല്‍ ആദ്യം അത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് അതിനുള്ള സാധ്യതയുണ്ടെന്ന നിലപാടെടുത്തു.
മരണത്തെക്കുറിച്ച് സംയുക്തമായി അന്വേഷണം നടത്താന്‍ ഇസ്രായേല്‍ തയ്യാറായെങ്കിലും ഫലസ്തീന്‍ അംഗീകരിച്ചില്ല.
ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്ന തോക്കില്‍നിന്നുള്ള വെടിയുണ്ടകളാണോ മാധ്യമപ്രവര്‍ത്തകയുടെ ജീവനെടുത്തതെന്നാണ് യുഎസ് സംഘം അന്വേഷിക്കുക. ജറുസലേമിലെ യുഎസ്സ് എംബസിയിലാണ് പരിശോധന നടത്തുക.