നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അമ്മുവിന് സഹപാഠികളില്‍ നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ക്ലാസിലും ഹോസ്റ്റല്‍ മുറിയിലും ഈ മൂവര്‍ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
നവംബര്‍ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റല്‍ വളപ്പില്‍ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ്് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു അമ്മു. വൈകിട്ട് കോളേജില്‍ നിന്ന് തിരികെയെത്തിയതിന് ശേഷം അമ്മുവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിച്ചു. അമ്മു ഹോസ്റ്റലില്‍ മടങ്ങി എത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞത്. അമ്മു നാലുവര്‍ഷമായി ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. വളരെ ശാന്തസ്വഭാവക്കാരിയായ പെണ്‍കുട്ടിയായിരുന്നുവെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.
മൂന്ന് സഹപാഠികളെയും പോലിസ് വിശദമായി ചോദ്യം ചെയ്യും. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മുവിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അമ്മുവിനെ ടൂര്‍ കോഡിനേറ്ററാക്കിയത് മൂവര്‍ സംഘം എതിര്‍ത്തിരുന്നു. സംഭവ ദിവസം ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാര്‍ത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലിസിന്റെ നിഗമനം.