യുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്‍ന്നു; സ്ത്രീയടക്കം രണ്ടു പേര് പിടിയില്‍
കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ രണ്ടു പേര് പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായതെന്ന് പോലിസ് അറിയിച്ചു.
ജ്വല്ലറിയില്‍വെച്ചാണ് കുഞ്ഞുമോളെയും നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു. തുടര്‍ന്ന് ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ സംഘം കവര്‍ന്നു, ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ചെമ്മന്തൂരില്‍ ഇവരെ സഹായിക്കാന്‍ മറ്റു രണ്ടു പേരും കൂടെയുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.