ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാടികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണ ജോര്‍ജ്, പി പ്രസാദ്, സജി ചെറിയാന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെയാണ് ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച ദാരുണ അപകടം നടന്നത്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
എറണാകുളം വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കളര്‍കോട് ജങ്ഷനു സമീപമാണ് അപകടം.കാറില്‍ യാത്രക്കാരുടെ എണ്ണം കൂടിയതും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആലപ്പുഴ ആര്‍ടിഒ എ കെ ദിലു പറഞ്ഞു. പതിനൊന്ന് പേര്‍ കാറിലുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കൂടാതെ വാഹനത്തില്‍ എയര്‍ബാഗ് സംവിധാനവും ഇല്ലായിരുന്നു.