ഗവര്‍ണര്‍ പദവിയിലിരുന്ന് മുഹമ്മദ് ആരിഫ് ഖാന്‍ മുസ്‌ലിം സമുദായത്തിന്റെ വലിയ ഖാളി ചമയേണ്ട: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

ഹിജാബ് വിഷയത്തില്‍ ഇസ്‌ലാമിനു നിരക്കാത്ത പ്രസ്താവനകള്‍ നടത്തിയ ആരിഫ് ഖാന്‍ ശരീഅത്ത് വിവാദ കാലത്ത് തന്നെ ഇസ്‌ലാമിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു

Update: 2022-02-18 12:11 GMT

തിരുവനന്തപുരം: സംഘപരിവാരിന്റെ വാല്യക്കാരനായി പണിയെടുക്കുകയും ഇസ്‌ലാമിക വിഷയങ്ങളില്‍ അറിവില്ലായ്മ പുലമ്പുകയും ചെയ്യുന്ന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ മുസ്‌ലിം സമുദായത്തിന്റെ വലിയ ഖാളി ചമയേണ്ടെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വിഎം ഫത്തഹുദ്ദീന്‍ റഷാദി.

ഹിജാബ് വിഷയത്തില്‍ ഇസ്‌ലാമിനു നിരക്കാത്ത പ്രസ്താവനകള്‍ നടത്തിയ ആരിഫ് ഖാന്‍ ശരീഅത് വിവാദ കാലത്ത് തന്നെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ രാഷ്ട്രീയ നിലപാട് എടുത്ത പാരമ്പര്യമുള്ള വ്യക്തിയാണ്. ഈ കാര്യത്തില്‍ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ച ആരിഫ്ഖാന്‍ ഭരണഘടനയോടുള്ള പരസ്യ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുമുടിക്കെട്ടുമേന്തി ശബരിമല ദര്‍ശനം നടത്തി ഇസ്‌ലാമിക അടിസ്ഥാന വിശ്വാസങ്ങള്‍ പരസ്യമായി ലംഘിച്ച അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സമുദായത്തിന് ആവശ്യമില്ല. ഖുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും പാണ്ഡിത്യവും അവഗാഹവും നേടിയ പണ്ഡിത നേതൃത്വങ്ങളും പ്രസ്ഥാനങ്ങളും നിലനില്‍ക്കേ ആരിഫ്ഖാന്റെ ജല്‍പനങ്ങളെ സമുദായം അര്‍ഹിച്ച അവഗണനയോടെ തള്ളിക്കളയും. മുസ്‌ലിംകള്‍ അനര്‍ഹമായത് നേടുന്നുവെന്നും അവര്‍ക്ക് ന്യൂനപക്ഷ പരിഗണന നല്‍കേണ്ടതില്ലെന്നും പറഞ്ഞ ആരിഫ്ഖാന്‍ അതേ പരിഗണനയിലാണ് സ്ഥാനമാനങ്ങള്‍ കൈപ്പറ്റിയതെന്ന് മറക്കരുത്.

സംഘപരിവാര അനുകൂല പ്രസ്താവനങ്ങള്‍ ഇറക്കിയും ആര്‍എസ്എസുകാരെ അന്യായമായി ഉദ്യോഗതലങ്ങളിലേക്ക് റിക്രൂട്ട് ചെയ്തും ദാസ്യപ്പണി ചെയ്യുന്ന ആരിഫ്ഖാന്‍ കേരള ഗവര്‍ണര്‍ എന്ന മഹത്തായ സ്ഥാനത്തിരുന്ന് കൊണ്ട് സംഘപരിവാര്‍ ഓഫിസ് ബോയിയെപ്പോലെ പണിയെടുത്ത് തരം താഴുകയാണ്.

ഇസ്‌ലാമിനു നിരക്കാത്തതും ഖുര്‍ആനും ഹദീസിനും വിരുദ്ധമായതുമായ പ്രസ്താവനകളും മുസ്‌ലിം പേരില്‍ ഇനിയും അദ്ദേഹം നല്‍കിയാല്‍ ഇമാമുമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ ഖാസിമി, സംസ്ഥാന സെക്രട്ടറി ഹാഫിസ് നിഷാദ് റഷാദി, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ ബാഖവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Similar News