ഗവര്‍ണര്‍ ഇട്ടിക്കണ്ടപ്പനെന്ന് എം വി ജയരാജന്‍; കണ്ണൂരില്‍ പ്രതിഷേധം ഏറ്റെടുത്ത് സിപിഎം
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫേ മുഹമ്മദ് ഖാന്റെ കണ്ണൂര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കണ്ണൂരിനെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ ജനതയുടെ പ്രതിഷേധം എന്ന പേരില്‍ ജില്ലയില്‍ വ്യാപകമായി സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു വൈകീട്ട് അഞ്ചിന് സ്‌റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 4.30നു കാല്‍ടെക്‌സിന് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും. ഡിസംബര്‍ 19ന് 236 പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ പ്രാദേശികമായി സംഘടിപ്പിക്കും.
'കണ്ണൂരിന് വൃത്തികെട്ട ചരിത്രം ഉണ്ടെന്നും മുഖ്യമന്ത്രിയും കണ്ണൂര്‍ക്കാരും ക്രിമിനലുകള്‍ ആണെന്നും' ഉള്ള ഗവര്‍ണറുടെ ആക്ഷേപം കണ്ണൂര്‍ ജില്ലയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. 'മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവര്‍ത്തിക്കു'മെന്ന പ്രതിജ്ഞ ചെയ്ത ഗവര്‍ണര്‍ വിദ്വേഷത്തോടെയും വിവേചനപൂര്‍വ്വവുമാണ് കണ്ണൂരിലെ ജനങ്ങളെ അപമാനിക്കും വിധത്തില്‍ പ്രതികരണം നടത്തിയത്. സുരക്ഷാഭടന്‍മാര്‍ സുരക്ഷയൊരുക്കുന്ന ചുമതല നിര്‍വഹിക്കുന്നതിനോടൊപ്പം അതീവ സുരക്ഷയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും കഴിയേണ്ടതാണ്. അതെല്ലാം ലംഘിച്ചാണ് ഗവര്‍ണര്‍ ഇറങ്ങിനടക്കുന്നത്. ചരിത്ര കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്നും കണ്ണൂര്‍ വിസിയെ ക്രിമിനലെന്നും വിളിച്ചാക്ഷേപിച്ചയാളാണ് ഗവര്‍ണര്‍. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ ലഭിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ വക്താവായ ഗവര്‍ണറുടെ പ്രതീക്ഷ. എന്നാല്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള ചരിത്രകാരന്‍മാര്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിയെ ഗവര്‍ണര്‍ പിന്തുണച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു. അതിന്റെ വിരോധം കൂടിയാണ് ഇപ്പോള്‍ കണ്ണൂരിനെ അപമാനിക്കുന്ന പ്രതികരണത്തിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. ആരിഫ് മുഹമ്മദ്ഖാന്റെ ചെയ്തികള്‍ പരിശോധിച്ചാല്‍, തിരുവിതാംകൂറിലെ നാടോടിനാടകത്തിലെ ഒരു കഥാപാത്രമായ 'ഇട്ടിക്കണ്ടപ്പന്‍' എന്ന ജളപ്രഭുവിനെപ്പോലെയാണ്. ഇട്ടിക്കണ്ടപ്പന്‍ കോട്ടും സൂട്ടും ധരിച്ചുവരും. നേരാം വണ്ണം ഒന്നും ചെയ്യില്ല. മറ്റുള്ളവരെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. അത്തരമൊരു സ്വഭാവമാണ് അദ്ദേഹത്തിന്. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയാണ് കണ്ണൂരിലെ ജനങ്ങളെ അപമാനിച്ചയാളുടെ സ്വദേശം. എന്നാല്‍ പ്രസ്തുത ജില്ലയെയും അവിടത്തെ ജനങ്ങളെയും കുറിച്ച് ഞങ്ങളൊരാക്ഷേപവും ഉന്നയിക്കുന്നില്ല. ന്യൂനപക്ഷ-ദലിത് വേട്ടയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച നാടാണ് യുപിയെങ്കില്‍ കേരളം മതസൗഹാര്‍ദ്ദത്തിന്റെ വിളഭൂമിയാണ്. കണ്ണൂരിലാവട്ടെ, ശ്രീനാരായണഗുരു രണ്ട് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നവോഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വാഗ്ഭടാനന്ദന്റെയും സ്വാമി ആനന്ദതീര്‍ഥന്റെയും നാടുമാണ്. എല്ലാ സൂചികകളിലും കേരളം രാജ്യത്തിന്റെ മുന്നില്‍ ഒന്നാമതാണെന്നത് പോലെതന്നെയാണ് കണ്ണൂരും.
മുഖ്യമന്ത്രിയെ ക്രിമിനലായി ചിത്രീകരിക്കുന്നത് ഗവര്‍ണര്‍ ഇപ്പോള്‍ പതിവാക്കി മാറ്റിയിരിക്കുകയാണ്. എന്ത് കാര്യമുണ്ടായാലും അതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആക്ഷേപം. അത് ഒരുതരം മനോരോഗമാണ്. മെഡിക്കല്‍ സയന്‍സില്‍ അതിന്റെ പേര് സൈക്കോസിസ് അഥവാ ചിത്തഭ്രമം എന്നാണ്. ഇല്ലാത്തത് ഉണ്ടെന്ന തോന്നല്‍ അതിന്റെ ഭാഗമാണ്. ആര്‍എസ്എസുകാരും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയെ ക്രിമിനലായി ആക്ഷേപിക്കാറുണ്ട്. അതുപോലെയുള്ള തരംതാണ രാഷ്ട്രീയം ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഭൂഷണമല്ല. അഹങ്കാരിയായ ഗവര്‍ണറുടെ മുമ്പില്‍ മുട്ടുമടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണറുടെ നാടിനെ അപമാനിക്കുന്ന, ജനപ്രതിനിധികളെ ആക്ഷേപിക്കുന്ന പ്രതികരണങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എം വി ജയരാജന്‍ പറഞ്ഞു.