മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ഗൂഢാലോചന; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മാപ്പുപറയണമെന്ന് എം വി ജയരാജന്‍

Update: 2022-07-18 09:29 GMT

കോഴിക്കോട്: മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്ന വാട്‌സ് ആപ്പ് ചാറ്റും ഓഡിയോ നിര്‍ദേശങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂര്‍ ഡിസിസി നേതൃത്വവും ജനങ്ങളോട് മാപ്പുപറയണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരീനാഥും റിജില്‍ മാക്കുറ്റിയും വി പി ദുല്‍ഖിഫിലും എന്‍ എസ് നുസൂറുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

മുഖ്യപങ്ക് ശബരീനാഥിനാണ്. ആക്രമണം ആസൂത്രണം ചെയ്തു എന്ന് മാത്രമല്ല, വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ക്രിമിനല്‍ സംഘത്തിലെ മൂന്നാമനെ കൊണ്ട് ഫോട്ടോ എടുപ്പിക്കുകയും തന്റെ ഫോണിലേക്ക് അയപ്പിക്കുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് ശബരീനാഥ് ആയിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ പോവുന്ന വിമാനത്തില്‍ വച്ചെടുത്ത ദൃശ്യം ആദ്യമായി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തതും സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതും ശബരീനാഥ് അല്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉരുണ്ടുകളിക്കുകയായിരുന്നു അന്ന് അദ്ദേഹം ചെയ്തതെന്ന് ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രി കണ്ണൂര്‍- തിരുവനന്തപുരം ഫ്‌ളൈറ്റില്‍ വരുന്നുണ്ടെന്നും കരിങ്കൊടി കാണിക്കണമെന്നും അങ്ങനെ ചെയ്താല്‍ കളര്‍ഫുള്‍ ആവുമെന്നും ടിക്കറ്റിനുള്ള കാശ് പ്രശ്‌നമാക്കേണ്ടെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും ശബരീിനാഥും ഷാഫി പറമ്പിലും അടക്കമുള്ള നേതാക്കള്‍ വാട്‌സ് ആപ്പിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ആസൂത്രണം വാട്‌സ് ആപ്പിലൂടെ നടക്കുമ്പോള്‍ അഡ്മിന്‍മാര്‍ തടഞ്ഞില്ല. 19 കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ഒരാളുടെ നേതൃത്വത്തില്‍ ക്രിമിനല്‍ സംഘത്തെ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ അയച്ചത് ഈ ഗൂഢാലോചനയ്ക്ക് ശേഷമാണ്. രാവിലെ 11:56 നായിരുന്നു ശബരിനാഥിന്റെ നിര്‍ദേശം.

കണ്ണൂരിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റെടുക്കുന്നത് ഉച്ചയ്ക്ക് 12:38 നാണ്. മുഖ്യപ്രതികളെ പോലിസ് പിടികൂടി. ഗൂഢാലോചനക്കാരെയും അടിയന്തരമായി പിടികൂടണം. ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവുണ്ട്. അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. അദ്ദേഹമാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന നാലാമന്‍. ജൂണ്‍ 13ന് നടന്ന വിമാനയാത്രയിലെ അക്രമത്തെ കെപിസിസിയോ കണ്ണൂര്‍ ഡിസിസിയോ പ്രതിപക്ഷ നേതാവോ അപലപിക്കാതിരുന്നത് അവര്‍ക്ക് അതില്‍ പങ്കുള്ളതുകൊണ്ടായിരുന്നു. ഉന്നതതല ഗൂഢാലോചനയാണ് രേഖകള്‍ സഹിതം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗൂഢാലോചനക്കാരുടെ പേരില്‍ പോലിസ് കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News