വിജിലന്‍സ് പ്രാഥമികാന്വേഷണം: കെ സുധാകരന്‍ നിയമസംവിധാനത്തെ പരിഹസിക്കുന്നു: എം വി ജയരാജന്‍

Update: 2023-06-26 14:44 GMT

കണ്ണൂര്‍: തട്ടിപ്പും അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമൊക്കെ നടത്തിയ ശേഷം അന്വേഷണവും കേസും വരുമ്പോള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിക്കുന്നത് ജനങ്ങളെയും നിയമസംവിധാനത്തെയും പരിഹസിക്കലാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അന്വേഷണത്തെ പോലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഭയപ്പെടുന്നത് കുറ്റം ചെയ്തതുകൊണ്ടാണ്. സുധാകരന്‍ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാംപ്രതിയായത് കോടതിയിലും അന്വേഷണ ഏജന്‍സിയിലും പരാതിക്കാര്‍ തെളിവുകളും വസ്തുതകളും സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്. സിപിഎമ്മോ സര്‍ക്കാരോ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ടിയില്‍പ്പെട്ടവരെയോ അല്ലാത്തവരെയോ കള്ളക്കേസില്‍ കുടുക്കാന്‍ ഇടപെടുന്നില്ല. കുറ്റം ചെയ്യുന്നവരാണ് കേസില്‍ പ്രതികളാക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും.

    മോന്‍സണ്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടതും തട്ടിപ്പുകേസില്‍ പ്രതിയായതും തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതുപോലെ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടശേഷവും മോന്‍സണ്‍ ആത്മസുഹൃത്താണെന്നു പറയുന്ന സുധാകരന്‍, കേസില്‍ പ്രതിയായത് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതുകൊണ്ടാണ്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതും കൃത്യമായ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്. ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ വിലയ്ക്കുവാങ്ങാനെന്നപേരില്‍ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് വന്‍തോതില്‍ പണം പിരിച്ചെടുത്തെന്നും കണക്കുപോലും അവതരിപ്പിച്ചിട്ടില്ലെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും മറ്റുമുള്ള പരാതി, സുധാകരനൊപ്പം ദീര്‍ഘകാലം ഉണ്ടായിരുന്ന ഒരാള്‍ തന്നെയാണ് വിജിലന്‍സിന് നല്‍കിയത്.

    വിജിലന്‍സിന് ഒരു പരാതി കിട്ടിയാല്‍ അന്വേഷിക്കുക സ്വാഭാവികമാണ്. ഇതാവട്ടെ 2021 ജൂണ്‍ ഏഴിന് നല്‍കിയ പരാതിയാണ്. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തില്‍ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സ്വാഭാവികമായും കേസുണ്ടാവും. രാഷ്ട്രീയപ്രേരിത അന്വേഷണമായിരുന്നെങ്കില്‍ രണ്ടുവര്‍ഷം മുമ്പ് പരാതി കിട്ടയപ്പോള്‍ തന്നെ പ്രതിയാക്കാമായിരുന്നല്ലോയെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ ചോദിച്ചു.

Tags:    

Similar News