ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രധാന അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
വയനാട്: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു പി സ്‌കൂളില്‍ നിന്നും പുറത്താക്കിയ പ്രധാന അധ്യാപികക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും മൗലികാവകാശമായി അനുവദിച്ചുതന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിലപാടാണ് അധ്യാപികയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. കന്യാസ്ത്രീ വേഷവും ശിരോവസ്ത്രവും ധരിച്ചുകൊണ്ട് ഒരു മതത്തിന്റെ ചിഹ്നങ്ങളും സ്‌കൂളില്‍ അനുവദിക്കില്ലെന്ന് പറയുന്നത് തികച്ചും വിരോധാഭാസമാണ്. മതത്തോടും മതചിഹ്നങ്ങളോടും ഇതുപോലുള്ള വിവേചനപരമായ നിലപാട് ഒരിക്കലും വെച്ച് പൊറുപ്പിക്കാനാവില്ല.
കര്‍ണ്ണാടകയിലെ ഹിജാബ് വിഷയം ലോകാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ത്തന്നെ ഹിജാബിന് സ്‌കൂളില്‍ വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള അധ്യാപികയുടെ പ്രതികരണം ആര്‍എസ്എസ്, ഹിന്ദുത്വ ശക്തികളെ സന്തോഷിപ്പിച്ച് ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനേ ഉപകരിക്കുകയുള്ളു. ഹിജാബിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ആര്‍എസ്എസ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിരോവസ്ത്രം ധരിച്ച് കന്യാസ്ത്രീകള്‍ക്കും ക്രിസ്തീയ പുരോഹിതന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. വിശ്വാസ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി ഇരകളാകാപ്പെടുന്നവര്‍ ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും യോഗം ഓര്‍മ്മിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉസ്മാന്‍ മൗലവി, ഉണ്ണീന്‍കുട്ടി ഫൈസി, ഷെബീര്‍ സഅദി എന്നിവര്‍ സംബന്ധിച്ചു.