ഹിന്ദു വോട്ട് ലക്ഷ്യമിട്ടു വിഗ്രഹപൂജാ പ്രഹസനം നടത്തിയ പാര്‍ട്ടി സ്ഥാനാര്‍ഥിയെ മുസ്‌ലിം ലീഗ് പുറത്താക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
മലപ്പുറം: തിരഞ്ഞെടുപ്പ് വിജയത്തിനായി ഗുരുവായൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ എത്തി ഗുരുവായൂരപ്പനെ തൊഴുത് പൂജ നടത്തിയതായി റിപോര്‍ട്ട് ചെയ്യപ്പെട്ട സംഭവം മുസ്‌ലിം സമുദായത്തോടുള്ള അവഹേളനവും ഇസ്‌ലാം മതനിന്ദയുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി. അബ്ദുറഹ്മാന്‍ ബാഖവി അഭിപ്രായപ്പെട്ടു.
മുസ്‌ലിംകളുടെ മൗലിക വിശ്വാസമായ ഏകദൈവാദര്‍ശത്തിനു വിരുദ്ധമായി ബഹുദൈവാരാധന നടത്തിക്കൊണ്ടുള്ള സമുദായ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുടെ ചെയ്തിയെ പാര്‍ട്ടി നേതൃത്വം ഗൗരവത്തിലെടുക്കുകയും സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായ പാര്‍ട്ടിയുടെ നേതാക്കള്‍ സ്ഥാനലബ്ധിക്കു വേണ്ടി അടിസ്ഥാന വിശ്വാസത്തെ തന്നെ ബലികഴിക്കുകയും ഹിന്ദുത്വ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്ന സമീപനം മുസ്‌ലിം കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഓരോരുത്തര്‍ക്കും ഇണങ്ങിയ മതവിശ്വാസവും ആരാധനാ രീതിയും സ്വീകരിക്കാന്‍ എല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനര്‍ഥികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ള ഇത്തരം ഒരു പൂജാപ്രഹസനം ഹിന്ദു മത വിശ്വാസികളില്‍ പോലും അവജ്ഞ മാത്രമേ ജനിപ്പിക്കുകയുള്ളു എന്ന കാര്യം വിഡ്ഢി വേഷം കെട്ടുന്ന നേതാക്കള്‍ തിരിച്ചറിയണം. ലീഗിനുള്ളിലെ ഉപദേശം, താക്കീത്, മാപ്പ് തുടങ്ങിയ മുഖം മിനുക്കല്‍ നടപടികള്‍ ഇത്ര ഗുരുതരമായ തെറ്റിന് പരിഹാരമല്ല.
അടിയന്തിരമായി കെ എന്‍ എ ഖാദറിനെ പിന്‍വലിച്ചു മറ്റൊരു സ്ഥാനാര്‍ഥിയെ നിയോഗിച്ചുകൊണ്ട് പാണക്കാട്ടു കുടുംബം നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗ് മതത്തിന്റെയും സമുദായത്തിന്റെയും യഥാര്‍ത്ഥ മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ആര്‍ജ്ജവം കാട്ടണമെന്നും
കേരളത്തിലെ മുഴുവന്‍ മുസ്‌ലിം പണ്ഡിതന്‍മാരും ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.