ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം നിശ്ചയിക്കാന്‍ വിദഗ്ധ സമിതി; നിര്‍ദ്ദേശം മുന്നോട്ട് വച്ചത് സിപിഎം; ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടരുതെന്ന് വിഡി സതീശന്‍
കോടതി വിധി നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ബിജെപിയും; 100 ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളെന്ന് മുസ്‌ലിം ലീഗ്.
തിരുവനന്തപുരം:ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഏതു തരത്തില്‍ മുന്നോട്ടുപോവണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് പഠനം നടത്താനും അനുപാതം നിശ്ചയിക്കാനും സമിതിയെ നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.ഇപ്പോള്‍ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ അതേ പടി ലഭ്യമാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമവശം പരിശോധിക്കണം. മത മൈത്രി തകരാന്‍ പാടില്ല. എല്‍ഡിഎഫിലെ കക്ഷികള്‍ ഇതുവരെ കാര്യമായ അഭിപ്രായം ഇതു സംബന്ധിച്ച് പറഞ്ഞിട്ടില്ല. മറ്റു വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാവണം. ശതമാനക്കണക്കല്ല പറയുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പു മാത്രമാണ്. നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടരുതെന്നും പ്രതിപക്ഷ നേതാവ് യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, കോടതി വിധി നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ബിജെപിയും ആവശ്യപ്പെട്ടു.
സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം രൂപീകരിച്ച കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് യോഗത്തില്‍ പറഞ്ഞു. ജനസംഘ്യാനുപാതികമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകാന്‍ വേഗത്തില്‍ തീരുമാനമുണ്ടാവണമെന്ന് ഐഎന്‍എല്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എ വിജയരാഘവന്‍ (സിപിഎം) ശൂരനാട് രാജശേഖരന്‍ (ഐഎന്‍സി.), കാനം രാജേന്ദ്രന്‍ (സിപിഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം.), പികെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), മാത്യു ടി തോമസ് (ജനതാദള്‍ എസ്), പിസി ചാക്കോ (എന്‍.സി.പി), ഡോ. കെസിജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ജോര്‍ജ് കുര്യന്‍ (ബിജെപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍എസ്പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എഎ അസീസ് (ആര്‍എസ്പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു.