വ്യോമ സേനയ്ക്ക് അഭിനന്ദനം; സര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണയെന്ന് സര്‍വകക്ഷി യോഗം

യോഗത്തില്‍ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി

Update: 2019-02-26 17:58 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തരിച്ചടിയെന്നോണം പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ സര്‍വ കക്ഷി യോഗം അഭിനന്ദിച്ചു. സാധാരണക്കാര്‍ക്ക് അപായമുണ്ടാക്കാതെ പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്തത് അഭിനന്ദനാര്‍ഹമാണെന്നു യോഗം വിലയിരുത്തി. അതേസമയം, പോരാട്ടം പാകിസ്താനോടല്ലെന്നും ഭീകരതയ്‌ക്കെതിരെയാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ പരിശീലന ക്യാംപുകളാണ് തകര്‍ത്തതെന്നും രാഷ്ട്രീയത്തിനതീതമായി പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. യുഎസ്, റഷ്യ, ചൈന, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരെ വിവരം അറിയിച്ചതായും മന്ത്രി അറിയിച്ചു. ഭീകരതയ്‌ക്കെതിരായ എല്ലാവിധ നടപടികള്‍ക്കും പിന്തുണ നല്‍കുന്നതായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും പാകിസ്താന്‍ ഏതുവരെ പോവുമെന്ന് ശ്രദ്ധിക്കണമെന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. സീതാറാം യെച്ചൂരി(സിപിഎം), ഡെറക് ഒബ്രെയിന്‍(ടിഎംസി), ഉമര്‍ അബ്ദുല്ല(നാഷനല്‍ കോണ്‍ഫറന്‍സ്), ഭര്‍ത്രുഹരി മഹ്താബ്(ബിജെഡി), പ്രഫുല്‍ പട്ടേല്‍(എന്‍സിപി), സതീഷ് ശര്‍മ(ബിഎസ്പി) തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.




Tags:    

Similar News