മുനമ്പം വഖ്ഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കണം; പിഡിപി കമ്മീഷന്‍ മുമ്പാകെ നിവേദനം നല്‍കി നേതാക്കള്‍
കൊച്ചി: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിയമപരമായി വഖ്ഫ് ഭൂമിയാണെന്ന് തെളിയിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണെന്നും കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ച് പിടിച്ച് വഖ്ഫിന് നല്‍കണമെന്നും പിഡിപി സംസ്ഥാന കമ്മിറ്റി മുനമ്പം കമ്മീഷന്‍ മുമ്പാകെ നിവേദനം നല്‍കി.
വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്ത കോഴിക്കോട് ഫാറൂഖ് കോളേജ് വ്യാജരേഖകള്‍ ചമച്ച് ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടം സഹിക്കേണ്ടത് കോളേജ് മാനേജ്‌മെന്റ് ആണ്. വഖ്ഫ് ഭൂമി നിയമപരമായി തിരിച്ച് പിടിക്കുമ്പോള്‍ വസ്തു നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഏക്കര്‍ കണക്കിന് വഖഫ് ഭൂമി അന്യായമായി കയ്യേറിയ റിസോര്‍ട്ട് -ഭൂമാഫിയകളില്‍ നിന്ന് കയ്യേറ്റം ഒഴിപ്പിച്ച് വഖഫ് ഭൂമി വഖഫ് ബോര്‍ഡിനെ ഏല്പിക്കണമെന്നാണ് പിഡിപി ആവശ്യപ്പെടുന്നത്. വൈസ്‌ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ബിലാല്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിയേറ്റ് അംഗം ടി എ മുജീബ് റഹ്‌മാന്‍ , ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവരാണ് കമ്മീഷന്‍ ഓഫീസിലെത്തി ജസ്റ്റിസ് രാമചന്ദ്രന്‍ നായരുമായി കൂടിക്കാഴച നടത്തുകയും കമ്മീഷന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തത്.