മുനമ്പം വഖഫ് ഭൂമിയിലെ കൈയേറ്റം സര്‍ക്കാര്‍ ഉടന്‍ ഒഴിപ്പിക്കണം; മുനമ്പം വഖഫ് സംരക്ഷണ വേദി ജനകീയ കണ്‍വന്‍ഷന്‍

Update: 2025-01-04 14:24 GMT

കൊച്ചി: മുനമ്പം വഖഫ് ഭൂമിയിലെ കൈയേറ്റം സര്‍ക്കാര്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് മാഞ്ഞാലി സുലൈമാന്‍ മൗലവി. സിദ്ധിക്ക് സേട്ട് അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ദൈവമാര്‍ഗത്തില്‍ വഖഫ് ആയി നല്‍കിയ 404.76 ഏക്കര്‍ ഭൂമിയും വഖഫ് ആണ് എന്നതിന് സര്‍ക്കാര്‍ രേഖകള്‍ സാക്ഷിയാണ്. ആയതിനാല്‍ അത് തര്‍ക്കഭൂമിയാക്കി ചിത്രീകരിക്കാതെ വഖഫിനു വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎം സുലൈമാന്‍ മൗലവി മാഞ്ഞാലി പറഞ്ഞു. അതിലെ കൈയേറ്റക്കരെ ഉടന്‍ ഒഴിപ്പിക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എകാങ്ക കമ്മീഷന്‍ രേഖകള്‍ പൂര്‍ണ്ണമായും പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പറവൂരില്‍ നടന്ന മുനമ്പം വഖഫ് സംരക്ഷണ വേദി ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് ഒരാള്‍ ചെയ്താല്‍ പിന്നീട് അതിന്റെ ഉടമസ്താവകാശം അല്ലാഹുവിനാണ്. അതിനെ സാധൂകരിക്കുന്ന ജീവിക്കുന്ന രേഖകള്‍ പൊതുസമൂഹത്തിനു ലഭ്യമാണ്. ആ സ്വത്തുക്കളുടെ സംരക്ഷണവും അതിന്റെ പരിപാലനവും വിശ്വാസികളുടെ ബാധ്യതയാണെന്ന് വാണിയക്കാട് ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ഖാസിമി സൂചിപ്പിച്ചു.

പറവൂര്‍ കോടതിയും കേരള ഹൈക്കോടതിയും മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിസാര്‍ കമ്മീഷനും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനും മൂനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് ഇതിനകം പ്രഖ്യാപിച്ചിരിക്കെ ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ കമ്മീഷന്റെ സാധുത ചോദ്യം ചെയ്യപ്പെടണം എന്ന് വഖഫ് സംരക്ഷണ വേദിസംസ്ഥാന ജോയിന്റ് സെക്രട്ടറി സുന്നാജാന്‍ സാഹിബ് പറഞ്ഞു.

മുനമ്പം ഭൂമി പൂര്‍ണ്ണമായും വഖഫിനു വിട്ടുകൊടുക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തും.ഇതിന്റെ ഭാഗമായി പറവൂര്‍-വൈപ്പിന്‍ മേഖല കമ്മിറ്റി വിപുലപ്പെടുത്തുകയും ഗൃഹ സന്ദര്‍ശനം, പോസ്റ്റര്‍ പ്രചരണം, പൊതുയോഗങ്ങള്‍, റാലി എന്നിവ സംഘടിപ്പിക്കുമെന്നും വഖഫ് സംരക്ഷണ വേദി ജോയിന്റ് കണ്‍വീനര്‍ വിഎം ഫൈസല്‍ പറഞ്ഞു.

വൈപ്പിന്‍ പറവൂര്‍ മേഖലയിലെ നിരവധി മഹല്ലുകളിലെ ഭാരവാഹികള്‍ പങ്കെടുത്ത കന്‍വന്‍ഷനില്‍ ഷാജഹാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അസീസ് സ്വാഗതം പറഞ്ഞു. എസ് എം സൈനുദ്ധീന്‍, അബ്ദുല്‍ റെഷീദ് മൗലവി, സമീര്‍ അല്‍ഹസനി എന്നിവര്‍ സംസാരിച്ചു.നിസാര്‍ മഞ്ഞാലി കന്‍വന്‍ഷന് നന്ദിയും പറഞ്ഞു.





Tags:    

Similar News