'കൊവിഡ്കാലത്ത് നിര്‍ബന്ധിത മതംമാറ്റത്തിന് ശ്രമിച്ചെന്ന് ആരോപണം'; ബിജെപിയുടെ പരാതിയില്‍ ഒമ്പത് ക്രിസ്ത്യാനികള്‍ക്കെതിരേ യുപിയില്‍ കേസ്
മീററ്റ്: മീററ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് വെള്ളിയാഴ്ച ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തു. പ്രാദേശിക ബിജെപി നേതാവിന്റെ പ്രേരണയിലാണ് പലരും പരാതി നല്‍കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പരാതിക്കാര്‍ പ്രദേശവാസികളായ ഉന്തുവണ്ടി കച്ചവടക്കാരാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് സഹായം ചെയ്തതിനുപകരം ക്രിസ്തുമതത്തിലേക്ക് മതംമാറണമെന്ന് നിര്‍ബന്ധം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പള്ളി സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചു. വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ചേരിനിവാസികളെ നിര്‍ബന്ധിച്ചു- ഇതും പരാതിയിലുണ്ട്.
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ചേരി നിവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പ്രദേശത്തെ വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് ഭക്ഷണവും വീട്ടുചെലവിനുള്ള പണവും ഇവര്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാര്‍ പോലിസിന് മൊഴിനല്‍കി. ഇതിനുപകരം ഒരേയൊരു ദൈവമേയുള്ളൂ അത് യേശുക്രിസ്തുവാണെന്നും ഹിന്ദുദൈവങ്ങളെ ആരാധിക്കുന്നത് നിര്‍ത്തി പള്ളിയില്‍ പോകാനും ആവശ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു.
'ഞങ്ങളുടെ ആധാര്‍ കാര്‍ഡില്‍ പേര് മാറ്റാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ദീപാവലി ആഘോഷിക്കുന്ന സമയത്ത് വീട്ടില്‍ കയറി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വലിച്ചുകീറി. മതം മാറിയതിനാല്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു' - ഇതാണ് മറ്റൊരാളുടെ പരാതി. പ്രതിഷേധിച്ചവര്‍ക്ക് 2 ലക്ഷം രൂപ നല്‍കിയതായും പറയുന്നുണ്ട്. കൂടാതെ പോലിസിനെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ.
തങ്ങള്‍ ഹിന്ദുക്കളാണെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ പോലിസിനോട് ആവശ്യപ്പെട്ടു.