നിയമവിരുദ്ധ മതംമാറ്റാരോപണം: ക്രിസ്ത്യാനികള്‍ക്കെതിരേ മധ്യപ്രദേശില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹിന്ദുത്വ ആക്രമണങ്ങള്‍: റിപോര്‍ട്ട്

Update: 2021-12-12 14:55 GMT

ഭോപാല്‍: മധ്യപ്രദേശിലെ മിഷണറി സ്‌കൂളിനു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ഒറ്റപ്പെട്ട ആക്രമണമല്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് നടന്നത്. എല്ലാതിനും പോലിസിന്റെയും സര്‍ക്കാരിന്റെയും നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തെ കണക്കുതന്നെ ആരെയും ഞെട്ടിക്കുന്നതാണ്.

കത്തോലിക്കാ സഭയിലെ ഝബുവ രൂപതയുടെ കീഴിലുള്ള 7 സ്‌കൂളുകള്‍ക്ക് സംസ്ഥാനം ഭരിക്കുന്ന ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അനുമതി പുതുക്കി നല്‍കാന്‍ തയ്യാറായില്ല. അധ്യാപകരുടെ കുറവും ആവശ്യത്തിന് ഭൂമിയും ഉള്ള ഭൂമിക്ക് രേഖയുമില്ലെന്നാണ് ചൂണ്ടിക്കാട്ടിയ കാരണം.

ഝബുവ രാജാവ് ഉദയ് സിങ് നിര്‍മിച്ച നൂറ്റാണ്ട് പഴക്കമുളള കത്തോലിക്കാ പള്ളി നവീകരണത്തിനുള്ള അനുമതി ഇതുവരെ നല്‍കിയില്ല. 2021 ഡിസംബര്‍ 8 മുതല്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.

നിയമവിരുദ്ധ മതംമാറ്റത്തിന് ശ്രമിച്ചെന്നാരോപിച്ച് 21 ക്രിസ്ത്യാനികള്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്.

സരസ്വതീ ദേവിയുടെ വിഗ്രഹം ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം സമരം ആരംഭിച്ചിരിക്കുകയാണ്. പത്തിടത്ത് അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായി.

അതിനും പുറമെ ഝബുവ ജില്ലാ ഭരണകൂടം കഴിഞ്ഞ സപ്തംബറില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പള്ളികളുടെ വിവിധ കണക്കുകളും മതംമാറ്റത്തിന്റെ വിവരങ്ങളും കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 6ന് വിദിഷ ജില്ലയിലെ ഗഞ്ച് ബസോദയിലെ കത്തോലിക്കാ വിഭാഗത്തിന്റെ കീഴിലുള്ള സെന്റ് ജോസഫ് സ്‌കൂളില്‍ മതംമാറ്റം നടക്കുന്നെന്ന് ആരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് ഇരച്ചുകയറി പത്താം ക്ലാസ് പരീക്ഷ തടസ്സപ്പെടുത്തുകയും ഉത്തരക്കടലാസുകള്‍ വലിച്ചുകീറുകയും ചെയ്തു. സ്‌കൂളില്‍ എട്ട് കുട്ടികളെ മതംമാറ്റിയെന്ന് ആരോപിച്ചാണ് അക്രമികള്‍ ഇരച്ചുകയറിയത്. ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പരാതി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഗഞ്ച് ബസോദയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റോസാന റായിക്ക് നല്‍കി. പിന്നീട് നൂറോളം പേര്‍ ചേര്‍ന്ന് സ്‌കൂള്‍ ആക്രമിക്കുകുയം കല്ലെടുത്തെറിയുകയും ചെയ്തു. രണ്ട് പോലിസുകാരെ പ്രദേശത്തേക്ക് അയച്ചിരുന്നെങ്കിലും അവര്‍ക്ക് അക്രമികളെ തടയാനായില്ല. 

50ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഐപിസി 147(കലാപം), 148(ആയുധമുപയോഗിച്ചുള്ള ആക്രമണം), 427(50രൂപയോളം നഷ്ടം വരുത്തുന്ന തരത്തിലുള്ള കുറ്റകൃത്യം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് തടയിടണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ദുരൈരാജ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ ഡിസംബര്‍ 8ന് കണ്ട് പരാതി നല്‍കി.

''വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ക്രിസ്ത്യന്‍ സമൂഹം പ്രവര്‍ത്തിക്കുന്നുന്നത്. എന്നാല്‍, മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘങ്ങള്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ക്രിസ്ത്യാനികളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നു. ഞങ്ങള്‍ അതീവ ദുഃഖിതരും അരക്ഷിതരുമാണ്''- മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അടുത്ത കാലത്തുണ്ടായ ഏതാനും ആക്രമണങ്ങളുടെ വിവരങ്ങളും കത്തിലുണ്ട്.

2021 നവംബര്‍ 3ന് സ്‌കൂള്‍ സന്ദര്‍ശിച്ച നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സന്‍ പ്രിയങ്കാ കനോന്‍ഗൊ സ്‌കൂളിലെത്തിയിരുന്നു. അവര്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചു. ഒമ്പത് കുട്ടികളില്‍ അഞ്ച് പേരുടെ ബാഗുകളില്‍ ബൈബില്‍ കണ്ടെത്തി. അതോടെ സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടന്നു. തുടര്‍ന്ന് നിരവധി പരിശോധനകളാണ് സ്‌കൂളില്‍ നടന്നത്. ഭീഷണികള്‍ വേറെ.

'ഗഞ്ച് ബസോദ ഉള്‍പ്പെടെയുള്ള മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഞാന്‍ ആഭ്യന്തര മന്ത്രി മിശ്രയെ ധരിപ്പിക്കുകയും ക്രിസ്ത്യാനികളുടെയും അവരുടെ സ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് മന്ത്രിയുടെ സഹായം തേടുകയും ചെയ്തു'- ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

മിശ്രയാണ് അക്രമികളുടെ മുഖ്യ പ്രേരക ശക്തിയെന്നാണ് ഇതേകുറിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തത്.

മധ്യപ്രദേശില്‍ മുസ് ലിംകള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് ക്രിസ്ത്യാനികള്‍. 2011 സെന്‍സസ് അനുസരിച്ച് 2.13 ലക്ഷം വിശ്വാസികളുണ്ട്. സംസ്ഥാനത്തെ ആദിവാസി മേഖലകളിലാണ് ഇവരുടെ സാന്നിധ്യം കൂടുതലുളളത്. ഝബുവ ജില്ല ഉദാഹരണം. ഇവിടെ കത്തോലിക്കക്കാരും പ്രൊട്ടസ്റ്റന്റുകാരുമായി 35,000ത്തോളം വോട്ടര്‍മാരുണ്ട്. 24 പള്ളികളുണ്ട്. പലതും സ്വാതന്ത്ര്യത്തിനു മുന്‍പ് നിര്‍മിച്ചവ. ഝബുവയില്‍ 20 മിഷന്‍ സ്‌കൂളുകളുണ്ട്.

ഝബുവയിലെ പള്ളി നവീകരണാനുമതി നല്‍കാത്തതുകൊണ്ട് തകര്‍ച്ചയുടെ വക്കിലാണ്. ഏഴ് സ്‌കൂളുകള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കാത്തതും ഇവിടെത്തന്നെ. ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള പ്രധാന ആരോപണങ്ങളിലൊന്ന് നിയമവിരുദ്ധ മതംമാറ്റമാണ്.

മധ്യപ്രദേശില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സ്‌കൂളുകള്‍ ലൈസന്‍സ് പുതുക്കണം. 20 സ്‌കൂളുകളില്‍ 12 സ്‌കൂളുകള്‍ അപേക്ഷ നല്‍കി. 7 എണ്ണത്തിന് അനുമതി ലഭിച്ചില്ല. പറഞ്ഞ കാരണങ്ങള്‍ അതീവ ദുര്‍ബലവും. അനുമതി നിഷേധിച്ച സ്‌കൂളുകളില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

ഇന്‍ഡോര്‍ ഡിവിഷനാണ് അനുമതി നല്‍കേണ്ടത്. നവംബര്‍ 28ന് അവര്‍ ഏഴ് അപേക്ഷകളും തള്ളി. ഭൂരേഖകളില്ല, വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ആവശ്യമായ അധ്യാപകരില്ല.. ഇങ്ങനെ പോകുന്നു കാരണങ്ങള്‍. 2022 മാര്‍ച്ച് 30വരെയാണ് സ്‌കൂളിന് പ്രവര്‍ത്തനാനുമതിയുള്ളത്. അനുമതി ലഭിച്ചില്ലെങ്കില്‍ ഫലത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടണം. കോടതിയിലേക്ക് പോകുകയാണ് ആകെ വഴിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ ഇനാബനാഥന്‍ പറയുന്നു.

ഝബുവയിലെ പള്ളിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ എട്ട് മുതലാണ് തടസ്സപ്പെട്ടത്. പള്ളിയുടെ ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് പറയുന്ന കാരണം.

പള്ളിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴേ വിഎച്ച്പിയുടെ ആദിവാസി വിഭാഗമായ ആദിവാസി സമാജ് സുധാറക് സംഘ് പള്ളി പൊളിക്കുമെന്ന് ഭീഷണി മുഴക്കി. ആദ്യം സപ്തംബറില്‍ പൊളിക്കുമെന്നായിരുന്നു, പിന്നീടത് ഡിസംബര്‍ 24ലേക്ക് മാറ്റിയിരിക്കുകയാണ്.

ഭീഷണി പുറത്തുവന്നശേഷം ആര്‍ച്ച് ബിഷപ്പ് ദുരൈരാജ് രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. സമുദായത്തെയാകെ ഭീഷണിപ്പെടുത്തുകയാണെന്ന് കത്തോലിക്കാ വിഭാഗത്തിന്റെ മാധ്യമവിഭാഗം ഇന്‍ചാര്‍ജ് റോക്കി ഷായും പറഞ്ഞു. അദ്ദേഹം പറയുന്നതനുസരിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയുമുണ്ട് ആക്രമണങ്ങള്‍ക്കു പിന്നില്‍. അവരും ക്രിസ്ത്യാനികളെ ശത്രുവായി കാണുന്നു.

ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനക്കിടയില്‍ ഹിന്ദുത്വ സംഘടനകളുടെ പരിശോധനകള്‍ സ്ഥിരമായിരിക്കുകയാണ്. 2021 ഡിസംബര്‍ 5ന് ക്രിസ്ത്യന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആറ് പേരെ നിയമവിരുദ്ധ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. കടുത്ത വകുപ്പുകളും ചുമത്തി.

ഝബുവയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെ സ്തന സിദ്ധര്‍ത്ഥ് നഗറില്‍ ഒരു പള്ളിയിലേക്ക് വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി, ആരോപണം മതംമാറ്റം തന്നെ. കേസെടുക്കണെന്ന് ആവശ്യപ്പെട്ട് അവര്‍ റോഡ് ഉപരോധിച്ചു. പോലിസ് സമരത്തിനെതിരേ ലാത്തിച്ചാര്‍ജ് ചെയ്തു. പലര്‍ക്കും പരിക്കുപറ്റി.

പിന്നീട് ഹിന്ദുത്വരുടെ ആവശ്യപ്രകാരം പള്ളിയിലെ ഫാദര്‍ ബൈജു തോമസ്, സന്തോഷ് തോമസ്, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരേ മതംമാറ്റ നിരോധന നിമയപ്രകാരം കേസെടുത്തു. സമരത്തിനിടയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച നാല് പോലിസുകാര്‍ക്കെതിരേയും നടപടിയെടുത്തു.

ഒക്ടോബര്‍ 24ന് ക്രൈസ്റ്റ് ജ്യോതി സ്‌കൂള്‍ മാനേജ്‌മെന്റിന് ഒരു കത്ത് കിട്ടി. സ്‌കൂളില്‍ സരസ്വതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നാണ് ആവശ്യം. 15 ദിവസം സമയവും നല്‍കി.

ദാതിയ ജില്ലയില്‍ 2021 ഒക്ടോബര്‍ 10ന് മതസാഹിത്യം പ്രചരിപ്പിച്ചതിന് 10 പേര്‍ക്കെതിരേ കേസെടുത്തു. ഹിന്ദുത്വ സംഘടനകളുടെ പരാതിയിലായിരുന്നു ഇത്.

സമാനമായ മറ്റൊരു സംഭവത്തില്‍ മറ്റൊരു പത്ത് പേരെ ഹോളി ക്രോസ് സ്‌കൂളിനു സമീപത്തുവച്ച് പോലിസ് അറസ്റ്റ് ചെയ്തു. അതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

ആദിവാസി ഭൂരിപക്ഷ ജില്ലയായ മാന്‍ഡ്‌ലയില്‍ ഒക്ടോബര്‍ 27ന് ഭാരത് ജ്യോതി ഉഛതര്‍ മിഡില്‍ സ്‌കൂളില്‍ എബിവിപിക്കാര്‍ ഇരച്ചുകയറി. മതംമാറ്റ ആരോപണമാണ് കാരണം. നയന്‍പൂര്‍ തഹസിലിലെ മറ്റൊരു സ്‌കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്ന് വിഎച്ച്പിക്കാര്‍ ആവശ്യപ്പെട്ടു. സംഭവം കലക്ടറെയും എസ്പിയെയും അറിയിച്ചു. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

Tags:    

Similar News