'ഗ്രാമത്തിലേക്ക് ആംബുലന്‍സിന് പ്രവേശനം അനുവദിച്ചില്ല': ചികില്‍സ ലഭിക്കാതെ മധ്യപ്രദേശില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു

Update: 2022-07-22 17:11 GMT

ഭോപാല്‍: ആംബുലന്‍സ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് മതിയായ ചികില്‍സ ലഭിക്കാതെ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. ആംബുലന്‍സിന്റെ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടഞ്ഞത് ഗ്രാമത്തിലെ പ്രമുഖരാണെന്ന് മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ആരോപിച്ചു. ആംബുലന്‍സ് എത്താത്തതിനെത്തുടര്‍ന്ന് ഒരു ചരക്ക് വണ്ടിയിലാണ് ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത്.

ആംബുലന്‍സ് എത്താന്‍ വൈകിയതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിഷേധിച്ചു. ഗ്രാമത്തിലെ റോഡുകള്‍ വീതികുറഞ്ഞതായതിനാലാണ് ആംബുലന്‍സ് എത്തിക്കാന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തിസ്ഗഢിലെ കന്‍കര്‍ ജില്ലയിലെ രേഖയാണ് ഭര്‍ത്താവായ സാവ്‌ലി റാത്തോറിന്റെ വീടിരിക്കുന്ന ഭിന്ദിലേക്ക് വന്നത്. അദ്ദേഹം ഒരു ഭിന്നശേഷിക്കാരനാണ്.

ശാരീരികപ്രശ്‌നം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റാത്തോര്‍ മുഖ്യമന്ത്രിയുടെ 181 ആംബുലന്‍സ് ഹെല്‍പ് ലൈനിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആംബുലന്‍സ് എത്തിയപ്പോള്‍ ചില പ്രമുഖര്‍ പ്രവേശനം തടഞ്ഞു. 

'ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങള്‍ക്ക് ആംബുലന്‍സ് ലഭിച്ചു, പക്ഷേ ശക്തരായ ചിലര്‍ അത് ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഞാന്‍ എന്റെ ഭാര്യയെ ലഹര്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരു സ്വകാര്യ ലോഡിംഗ് വാഹനം ഏര്‍പ്പാട് ചെയ്തു. വേദന സഹിക്കാന്‍ വയ്യാതെ, എന്റെ ഭാര്യ ആദ്യത്തെ കുഞ്ഞിനെ ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു'- റാത്തോര്‍ പറഞ്ഞു.

ഭാര്യയെ കിടത്താന്‍ ഒരു സ്ട്രച്ചര്‍ പോലും നല്‍കിയില്ലെന്നും വീല്‍ചെയറാണ് ഉണ്ടായിരുന്നതെന്നും റാത്തോര്‍ ആരോപിച്ചു. രേഖയ്ക്ക് ഇരട്ടക്കുട്ടികളായിരുന്നു. ഒരു കുട്ടിയെ ആശുപത്രിയിലെത്തും മുമ്പ് പ്രസവിച്ചു. രണ്ടാമത്തെ കുട്ടിയെ പ്രസവിക്കും മുമ്പ് അവര്‍ വീല്‍ചെയറിലിരുന്നു മരിച്ചു.

ഭിന്ദ് മെഡിക്കല്‍ ഓഫിസര്‍ ഡോ. യുപിഎസ് കുശ്വാഹ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

'നിസാര്‍ ഗ്രാമത്തിലേക്ക് പോയ ആംബുലന്‍സ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് ആരും തടഞ്ഞില്ല. റോഡ് വളരെ ഇടുങ്ങിയതിനാല്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല'- ഡോ. കുശ്വാഹ അവകാശപ്പെട്ടു.

Tags:    

Similar News