തദ്ദേശവാസികളുമായി ആലോചിക്കാതെ ലക്ഷദ്വീപില്‍ തീരുമാനങ്ങളെടുക്കില്ലെന്ന് അമിത് ഷാ

Update: 2021-05-31 19:37 GMT

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ തദ്ദേശീയരുമായി ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയും പുതിയ ലക്ഷദ്വീപ് കരട് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

അമിത് ഷായുമായി നടത്തിയ ചര്‍ച്ചക്കു ശേഷം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലാണ് വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരേ ലക്ഷദ്വീപില്‍ കുടത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

പ്രഫുല്‍ പട്ടേലിനെതിരേ ലക്ഷദ്വീപില്‍ ഉര്‍ന്നുവന്ന പ്രതിഷേധത്തെക്കുറിച്ചും പുതിയ നിയമത്തോടുളള അതൃപ്തിയെക്കുറിച്ചും ആഭ്യന്തര മന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഫൈസല്‍ പറഞ്ഞു.

എന്ത് നിയമം ഉണ്ടാക്കുകയാണെങ്കിലും ജില്ലാ പഞ്ചായത്തിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കു എന്ന് അമിത് ഷാ ഉറപ്പുനല്‍കി. ഏത് നിയമവും നടപ്പാക്കും മുമ്പ് കരട് രേഖ ജനങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും ഫൈസല്‍ ഉയര്‍ത്തി.

ബീഫ് നിരോധനം, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍, മദ്യനിരോധനനയം പിന്‍വലിക്കല്‍ തുടങ്ങി ശുപാര്‍ശകളാണ് പുതിയ കരട് നിയമത്തിലുള്ളത്.

ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അഥോറിറ്റി റെഗുലേഷന്‍, ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റെഗുലേഷന്‍ തുടങ്ങിയ കരട് നിയമങ്ങളെക്കുറിച്ചും ലക്ഷദ്വീപ് വാസികള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News