അമിത് ഷാ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ചത് 'തകര്‍ന്ന ഗ്രാമഫോണ്‍'പോലെ; ബിജെപിയെ പരിഹസിച്ച് തെലങ്കാന ധനമന്ത്രി

Update: 2022-07-04 12:45 GMT

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചും കടന്നാക്രമിച്ചും തെലങ്കാന ധനമന്ത്രി. ജൂലൈ 2, 3 തിയ്യതികളില്‍ ഹൈദരാബാദില്‍ നടന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'തകര്‍ന്ന ഗ്രാമഫോണ്‍' പോലെയാണ് സംസാരിച്ചതെന്ന് തെലങ്കാന ധനമന്ത്രി ടി ഹരീഷ് റാവു പരിഹസിച്ചു. തെലങ്കാനയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് കാര്യമായി എന്തെങ്കിലും പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ നിരാശയോടെയാണ് കേട്ടത്, തകര്‍ന്ന ഗ്രാമഫോണ്‍ പോലെയാണ് അമിത് ഷാ, വെള്ളം, ഫണ്ട്, ജോലി എന്നിങ്ങനെ പുലമ്പിക്കൊണ്ടിരുന്നത്- ഹരീഷ് റാവു പരിഹസിച്ചു.

'രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പുതിയ എന്തെങ്കിലും പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവര്‍ അധികാരത്തില്‍ വന്നുവെന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. കെസിആറിന്റെ പേര് ഒന്നിലധികം തവണ എടുത്തുപറഞ്ഞു. അതല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല'- അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന ബിജെപിയുടെ പ്രഖ്യാപനം അവകാശവാദംമാത്രമാമെന്നും അത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍, അവര്‍ ആദ്യം അധികാരത്തില്‍ വരണമെന്നും അത് നടക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേങ്ങളാണ് ഉയര്‍ന്നത്. ഷായും മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ ബിജെപിയുടെ മുഴുവന്‍ കേന്ദ്ര നേതൃത്വവും ഹൈദരാബാദിലെത്തിയിരുന്നു.

Tags:    

Similar News