അമിത് ഷാക്ക് തിരിച്ചടി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റിതര സംഘടനകളും. പ്രതിഷേധമുയര്‍ത്തുന്നവരില്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്നവരും ഉള്‍പ്പെടുന്നു.
പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ വ്യാഴാഴ്ച നടന്ന 37ാമത് യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദിയെ ഇംഗ്ലീഷിന് ബദല്‍ ഭാഷയായി മാറ്റണമെന്നും ഹിന്ദിക്കുപകരം പ്രാദേശിക ഭാഷകളെന്ന നയം ശരിയല്ലെന്നും പറഞ്ഞത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞതായി റിപോര്‍ട്ടുണ്ടായിരുന്നു.
'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒമ്പത് ആദിവാസി സമൂഹങ്ങള്‍ അവരുടെ ഭാഷാ ലിപികള്‍ ദേവനാഗരിയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളും സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദിയെക്കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനം നല്‍കണം. ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക,' - ആഭ്യന്തരമന്ത്രി യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ അമിത് ഷായുടെ അവകാശവാദത്തിനെതിരാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതികരണങ്ങള്‍.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കാനുള്ള നീക്കത്തെ അസമിലെ അസോം സാഹിത്യ സഭ (എഎസ്എസ്) വിയോജിപ്പ് രേഖപ്പെടുത്തി. ഹിന്ദി നിര്‍ബന്ധമാക്കുന്നത് തദ്ദേശീയ ഭാഷയെ അപകടത്തിലാക്കുമെന്ന് എഎസ്എസ് സെക്രട്ടറി ജനറല്‍ ജാദവ് ചന്ദ്ര ശര്‍മ പറഞ്ഞു.
എന്നാല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നത്.
ഭൂരിപക്ഷം അസം പൗരന്മാരുടെയും മാതൃഭാഷയാണ് ആസാമീസ്. അസം സര്‍ക്കാര്‍ അസം സാഹിത്യസഭയുമായും ആദിവാസി സംഘടനകളുമായും കൂടിയാലോചിച്ച് ഒരു ഭാഷാ നയം തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് ഒരു വിദ്യാര്‍ത്ഥി ആസാമീസിനും ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ ഒരു ഗോത്രഭാഷയും പഠിക്കും. ബോഡോ സാഹിത്യസഭയ്ക്ക് ചില വിമര്‍ശനങ്ങളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നയം പ്രഖ്യാപിക്കാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആസാമീസ് പഠിക്കുന്നത് നിര്‍ത്തി ഹിന്ദി പഠിക്കണമെന്നല്ല അമതി ഷാ പറഞ്ഞതെന്നും ശര്‍മ ന്യായീകരിച്ചു. ഒരാള്‍ അസമീസ് അല്ലെങ്കില്‍ അവരുടെ മാതൃഭാഷ പഠിച്ച ശേഷം ഹിന്ദി പഠിക്കണമെന്നാണ് പറഞ്ഞത്. ഹിന്ദി പഠിക്കുന്നതിലൂടെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സര്‍ക്കാരിതര ജോലികള്‍ക്ക് അപേക്ഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തണമെന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണ് ഷായുടെ പ്രഖ്യാപനമെന്ന് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ഞായറാഴ്ച പറഞ്ഞു.
മണിപ്പൂരിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്ന് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര പറഞ്ഞു. മേഘാലയയില്‍, ബിജെപിയെ പിന്തുണയ്ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എംഡിഎ) നേതാക്കളും അമിത് ഷായുടെ പ്രസ്താവനക്ക് എതിരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ശ്രമിക്കുകയാണെന്ന് എംഡിഎ നേതാവ് അമ്പാരീന്‍ ലിംഗ്‌ദോ ഷില്ലോങ്ങില്‍ മാധ്യമങ്ങളോട് പറഞ്ഞു.