പോളണ്ടില്‍ വിഷക്കൂണ്‍ കഴിച്ച് അവശനിലയിലായ അഫ്ഗാന്‍ അഭയാര്‍ഥി ബാലന്‍ മരിച്ചു
സഹോദരനായ ആറുവയസുകാരനെ ഇതിനോടകം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
വാഴ്‌സ: പോളണ്ടില്‍ അഭയം തേടിയ അഫ്ഗാന്‍ ബാലന്‍ വിഷക്കൂണ്‍ കഴിച്ച് അവശനിലയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അഞ്ചുവയസ്സുകാരനായ ഈ കുട്ടിയുടെ ആറുവയസുള്ള സഹോദരനും വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വാര്‍സോയ്ക്ക് സമീപമുള്ള അഭയാര്‍ഥി ക്യാംപിലാണ് ഇവര്‍ തങ്ങിയിരുന്നത്. ഓഗസ്റ്റ് 23നാണ് ഇവര്‍ പോളണ്ടിലെത്തിയത്.
വ്യാഴാഴ്ചയാണ് അഞ്ച് വയസുകാരന്റെ മരണം സ്ഥിരീകരിച്ചത്. വിഷക്കൂണ്‍ ഭക്ഷിച്ചെന്ന് മനസിലാക്കിയ ഉടനെതന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ലെന്ന് ആശുപത്രി ഡയറക്ടറായ ഡോ മാരീക് മിഗ്ദാല്‍ ബിബിസിയോട് വിശദമാക്കി. സഹോദരനായ ആറുവയസുകാരനെ ഇതിനോടകം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കരള്‍ മാറ്റി വയ്ക്കാനാവാത്ത അവസ്ഥയിലും തലച്ചോറിന് ഗുരുതര തകരാറുമാണ് അഞ്ചുവയസുകാരന് ഉണ്ടായിരുന്നത്.
അഭയാര്‍ത്ഥി കേന്ദ്രത്തിലുണ്ടായിരുന്ന പതിനേഴുകാരിയായ അഫ്ഗാന്‍ പെണ്‍കുട്ടി വിഷക്കൂണ്‍ കഴിച്ച് നേരത്തെ അപകടാവസ്ഥയിലായിരുന്നു. ഈ പെണ്‍കുട്ടിയെ അടുത്ത ദിവസമാണ് ചികിത്സ പൂര്‍ത്തിയാക്കി തിരികെ അയച്ചത്. ക്യാംപില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികള്‍ വനത്തില്‍ നിന്നും കൂണ്‍ ശേഖരിച്ച് കഴിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.