കൊവിഡ് 19 സാംപിളുമായി പോയ ആംബുലന്‍സ് ചുരത്തില്‍ മറിഞ്ഞു

താമരശ്ശേരി ഒന്നാം വളവിന് മുകളിലാണ് സംഭവം. അപകട വിവരമറിഞ്ഞ് സാംപിളുകള്‍ കൊണ്ടുപോവാനായി എത്തിയ കാര്‍ തകരപ്പാടിയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചു.

Update: 2020-05-03 08:21 GMT

കല്‍പ്പറ്റ: കൊവിഡ് 19സാംപിളുമായി പോയ ആംബുലന്‍സ് ചുരത്തില്‍മറിഞ്ഞു. സാംപിള്‍ എത്തിക്കാന്‍ പോയ കാറും അപകടത്തില്‍പ്പെട്ടു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊവിഡ് 19 നിര്‍ണയ പരിശോധനയ്ക്കുള്ള സാംപിളുമായി പോവുകയായിരുന്ന ആംബുലന്‍സ് ചുരത്തില്‍ തെന്നിമറിഞ്ഞു. താമരശ്ശേരി ഒന്നാം വളവിന് മുകളിലാണ് സംഭവം. അപകട വിവരമറിഞ്ഞ് സാംപിളുകള്‍ കൊണ്ടുപോവാനായി എത്തിയ കാര്‍ തകരപ്പാടിയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചു. ഒടുവില്‍ മേപ്പാടിയില്‍ നിന്നുമെത്തിച്ച മറ്റൊരു ആംബുലന്‍സിലാണ് സാംപിളുകള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കൊവിഡ് 19 നിര്‍ണയ പരിശോധനയ്ക്കുള്ള സാംപിളുമായി ആശുപത്രിയില്‍ നിന്ന് പോയ കെഎല്‍ 12 ജെ 1352 നമ്പര്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടത്. വാഹനപാകടത്തില്‍ പരുക്കേറ്റ് കര്‍ണാടകയില്‍ നിന്നെത്തിയ ആള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കൊവിഡ് 19 പരിശോധനയ്ക്കായി ശേഖരിച്ച സാംപിളായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടമായി ആംബുലന്‍സ് റോഡില്‍ തെന്നി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് കൈയ്ക്ക് നിസ്സാര പരിക്കേറ്റു.

അപകട വാര്‍ത്തയറിഞ്ഞ് സാംപിള്‍ എത്തിക്കാനെത്തിയ കെഎല്‍ 12 കെ 3964 കാറും തൊട്ടുപിന്നാലെ അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു ഈ അപകടം. ഇരുവാഹനങ്ങളും ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു ആംബുലന്‍സില്‍ സാംപിള്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. 

Tags:    

Similar News