ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത; വിശദപഠനം നാളെ തുടങ്ങും

Update: 2020-09-21 16:19 GMT


കോഴിക്കോട്: ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള വിശദ പഠനത്തിന് ചൊവ്വാഴ്ച തുടക്കമാകും. നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവ നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കും.

ചൊവ്വാഴ്ച പകല്‍ 12 മണിയോടെ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ നിന്ന് തിരിക്കുന്ന സംഘം ആനക്കാംപൊയില്‍, മറിപ്പുഴ, സ്വര്‍ഗംകുന്ന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങളടക്കമുള്ള പഠനങ്ങള്‍ നടത്താനായി ക്യുമാക്‌സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കെആര്‍സിഎല്‍ ചുമതലപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ (റോഡ്‌സ്) കെ വിനയരാജ് തുടങ്ങിയവരും സംഘത്തിലുണ്ടാകും.

Similar News