ശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം: ഹൈക്കോടതി
ശബരിമലയിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു
കൊച്ചി: ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അനധികൃതമായി സാധനങ്ങള്‍ക്ക് വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ശബരിമലയിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനും കോടതി നിര്‍ദേശിച്ചു ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാന്‍ ചീഫ് പോലിസ് കോര്‍ഡിനേറ്ററിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തര്‍ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികള്‍ അനധികൃതമായി ശേഖരിക്കുന്നത് തടയാന്‍ സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടും ദേവസ്വം വിജിലന്‍സും നടപടിയെടുക്കണം.
പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യയെ കക്ഷിചേര്‍ത്തു. പഴകിയ വനസ്പതി സൂക്ഷിച്ച പാണ്ടിത്താവളം അന്നപൂര്‍ണ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ശ്രീഹരി ഹോട്ടലിന് 10,000 രൂപയും ഡ്യൂട്ടി മജിസ്‌ട്രേട്ട് പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെ ചുക്കുവെള്ളപ്പുരയ്ക്ക് സമീപം മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൈക്കോടതി കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസറോട് റിപോര്‍ട്ട് തേടി. പരിക്കേറ്റ കര്‍ണാടക സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.
അതീവ സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലമാണ് ശബരിമല. ഇതിന്റെ ഭാഗമായി സോപാനത്തും മുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണിന്റെ ഉപയോഗവും നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും സാമൂഹികമാധ്യമങ്ങളിലടക്കം ശബരിമലയുടെ തിരുമുറ്റത്ത് നിന്നുള്ള ഫോട്ടോകള്‍ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. അത് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ശക്തമായ നിലപാട്.
നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പമ്പ ഹില്‍ടോപ്പിലെ പാര്‍ക്കിങ് മേഖലയില്‍ അനേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരേസമയം പാര്‍ക്കുചെയ്യുന്നത് ചെറുവാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പത്തിലധികം ബസുകള്‍ ഇവിടെ ഒരേ സമയം പാര്‍ക്കുചെയ്യുന്നില്ലെന്ന് ജില്ല പൊലിസ് മേധാവി ഉറപ്പാക്കണമെന്ന് ദേവസ്വംബെഞ്ച് നിര്‍ദേശിച്ചു.
ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകള്‍ക്കും പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണമെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശം.