അവര്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യും; മഹാകുംഭമേള-2025ല്‍ അഹിന്ദുക്കളെ കടകള്‍ നടത്താന്‍ അനുവദിക്കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് മേധാവി
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള-2025ല്‍ അഹിന്ദുക്കളെ കടകള്‍ നടത്താന്‍ അനുവദിക്കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് മേധാവി മഹന്ത് രവീന്ദ്ര പുരി.
ചായക്കടകള്‍, ജ്യൂസ് കടകള്‍, പൂക്കടകള്‍ എന്നിവ അവര്‍ക്ക് അനുവദിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്ക് ഈ കടകള്‍ നല്‍കിയാല്‍ അവര്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുമെന്നുമായിരുന്നു പുരിയുടെ പരാമര്‍ശം. ഇത്തരമൊരു സംഭവം നടക്കുകയും ആരെയെങ്കിലും വേദനിപ്പിക്കുകയും ചെയ്താല്‍ അത് ലോകമെമ്പാടും തെറ്റായ സന്ദേശം നല്‍കുമെന്നും പുരി കൂട്ടിച്ചേര്‍ത്തു.
''നമ്മുടെ മേള മനോഹരവും വൃത്തിയുള്ളതും ഗംഭീരവും ദിവ്യവും സമാധാനപരവുമായിരിക്കണം. പരിപാടിയുടെ സുരക്ഷിതത്വവും പവിത്രതയും നിലനിര്‍ത്താന്‍ അഹിന്ദുക്കളെ അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്,'' പുരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ തന്റെ അവസാന മന്‍ കി ബാത്ത് എപ്പിസോഡില്‍ സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഉന്മൂലനം ചെയ്യാനും രാജ്യത്തെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ജനങ്ങളോട് ആഹ്വാനം നല്‍കിയതിനു പിന്നാലെയാണ് പുരിയുടെ വിവാദ പ്രസ്താവന.