'പിക്‌നിക് സ്‌പോട്ടല്ല'; പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് മദ്രാസ് ഹൈക്കോടതി

അതേസമയം മുരുകനെ ആരാധിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു

Update: 2024-01-31 11:48 GMT

ചെന്നൈ: പളനി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ പരിധിയില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമല്ലെന്ന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിര്‍ദേശിച്ചു.

പളനി ഹില്‍ ടെമ്പിള്‍ ഡിവോട്ടീസ് ഓര്‍ഗനൈസേഷന്‍ നേതാവായ ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പളനി മലയിലേക്കുള്ള പ്രവേശന ടിക്കറ്റുമായി വിനോദസഞ്ചാരികള്‍ ക്ഷേത്രത്തില്‍ വരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ക്ഷേത്രങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ഇഷ്ടപ്പെട്ട് എത്തുന്നവരാണെങ്കില്‍ പോലും കൊടിമരത്തിനിപ്പുറം പ്രവേശനം അനുവദിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.

അതേസമയം മുരുകനെ ആരാധിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. മതേതര സര്‍ക്കാരായതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും ക്ഷേത്രഭരണത്തിന്റെയും കടമയാണെന്നും വാദിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമാണ് മതപരമായ ആരാധനാ കേന്ദ്രമെന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ പ്രവേശനം നിയന്ത്രിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ 1947ലെ ക്ഷേത്രപ്രവേശന നിയമം ഹൈന്ദവ സമൂഹത്തിനുള്ളില്‍ ക്ഷേത്രപ്രവേശനത്തിന് നിലനിന്നിരുന്ന ഭിന്നത ഇല്ലാതാക്കാനാണ് ലക്ഷ്യമിട്ടതെന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമത ആചാരങ്ങള്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിര്‍ദേശം കോടതിയില്‍ വന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ പോലെ സാക്ഷ്യപത്രം സ്വീകരിച്ചശേഷം അഹിന്ദുക്കള്‍ക്ക് പളനിയില്‍ ദര്‍ശനത്തിന് അനുമതി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

എല്ലാവര്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് മതക്കാര്‍ക്കും ഇടയില്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കുക വിവിധ മതങ്ങളില്‍പ്പെട്ടവര്‍ പരസ്പരം വിശ്വാസത്തെയും വികാരങ്ങളെയും ബഹുമാനിക്കുമ്പോള്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News