അങ്ങാടിപ്പുറത്ത് ചരക്കുതീവണ്ടിക്ക് മുടക്കമില്ല; എഫ്‌സിഐ ഗോഡൗണ്‍ സജീവം
ദിവസവും 21 വാഗണ്‍ ധാന്യമാണ് ഗോഡൗണില്‍ എത്തുന്നത്. ചുമട്ടുതൊഴിലാളികളും ലോറി ഡ്രൈവര്‍മാരുമടക്കം 200ഓളം തൊഴിലാളികളാണ് അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണില്‍ ഇതിനായി പണിയെടുക്കുന്നത്.
നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തലാക്കിയെങ്കിലും ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയില്‍ മുടക്കമില്ലാതെ ദിവസവും ധാന്യങ്ങളുമായി ചരക്കുവണ്ടി എത്തുന്നു. ദിവസവും 21 വാഗണ്‍ ധാന്യമാണ് ഗോഡൗണില്‍ എത്തുന്നത്. ചുമട്ടുതൊഴിലാളികളും ലോറി ഡ്രൈവര്‍മാരുമടക്കം 200ഓളം തൊഴിലാളികളാണ് അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണില്‍ ഇതിനായി പണിയെടുക്കുന്നത്. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മഞ്ചേരി താലൂക്കുകളിലേക്ക് റേഷന്‍വിതരണത്തിനുള്ള ധാന്യങ്ങളാണ് അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണിലെത്തുന്നത്. ഇവിടെനിന്നു ലോറി മാര്‍ഗം താലൂക്കിലെ റേഷന്‍ വിതരണകേന്ദ്രങ്ങളില്‍ ഇവ എത്തും. ഇതിനായി 67 ലോറികളും
പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുന്നവയെല്ലാം അന്നേദിവസമോ പിറ്റേന്നോ ആവശ്യമായ വിതരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനാല്‍ ഗോഡൗണില്‍ ഏറെ കെട്ടിക്കിടക്കുന്നുമില്ല എന്നതും ആശ്വാസമാണ്. രണ്ട് ഗോഡൗണുകളിലായി അങ്ങാടിപ്പുറം എഫ്‌സിഐയില്‍ പതിനായിരം ടണ്‍ സംഭരണശേഷിയുണ്ട്. വാഹനഗതാഗതം പൂര്‍ണമായും നിര്‍ത്തിയ സമയത്തും ലോറി ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ഇതുകാരണം ജോലിയുണ്ടെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഇവിടെ തൊഴിലാളികള്‍ തങ്ങളുടെ ജോലികളില്‍ ഏര്‍പ്പെടുന്നത്.
ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പുഴുങ്ങലരിയാണ് ഇപ്പോള്‍ വരുന്നത്. ഹരിയാനയില്‍നിന്ന് പച്ചരിയും ഗോതമ്പും ഈയാഴ്ച അവസാനത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ്.