മൃഗപീഡനം; മലപ്പുറത്തെ പ്രതിക്കൂട്ടിലാക്കിയ മനേകാ ഗാന്ധിയുടെ സ്ഥാപനത്തില്‍ നായയെ തല്ലിക്കൊന്നു
കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ കര്‍ഷകര്‍ പൈനാപ്പിളിനുള്ളില്‍ വെച്ച പന്നിപ്പടക്കം കടിച്ച് ആനക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ദിവസങ്ങള്‍ക്കകം ചെരിയുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിച്ചയാളാണ് മനേകാ ഗാന്ധി.
ന്യൂഡല്‍ഹി: മൃഗ സംരക്ഷണത്തിന്റെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപി നേതാവും എം പിയുമായ മനേക ഗാന്ധിയുടെ സ്ഥാപനത്തില്‍ ചികിത്സക്കെത്തിച്ച നായയെ തല്ലിക്കൊന്നു. ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്ററിലാണ് മുറിവേറ്റ് ചികിത്സക്കെത്തിച്ച നായയെ ജീവനക്കാര്‍ തല്ലിക്കൊന്നത്. നായക്കെതിരേ ജീവനക്കാര്‍ നടത്തിയ ക്രൂരതയുടെ വീഡിയോ പുറത്ത് എത്തിയതോടെ മനേകാ ഗാന്ധി സ്ഥാപനം അടച്ചുപൂട്ടി.
നായയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ജൂലൈ 5 ന് ട്വിറ്ററില്‍ അനിമല്‍ ആക്ടിവിസ്റ്റ് കാവേരി ഭരദ്വാജ് പുറത്തെത്തിച്ചിരുന്നു. പരുക്കേറ്റ നായയെ ഒരു ജീവനക്കാരന്‍ മതിലിലേക്ക് എറിയുകയും പിന്നീട് രണ്ടുപേര്‍ ചേര്‍ന്ന് വായിലും കാലിലും വടികൊണ്ട് അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ക്രൂരമര്‍ദ്ദനമേറ്റ നായ പിന്നീട് കൊല്ലപ്പെട്ടു. വീഡിയോ പുറത്തായതോടെ കനത്ത വിമര്‍ശമാണ് മനേക ഗാന്ധിക്കും സ്ഥാപനത്തിനും എതിരെ ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ കര്‍ഷകര്‍ പൈനാപ്പിളിനുള്ളില്‍ വെച്ച പന്നിപ്പടക്കം കടിച്ച് ആനക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ദിവസങ്ങള്‍ക്കകം ചെരിയുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിച്ചയാളാണ് മനേകാ ഗാന്ധി. മൃഗങ്ങള്‍ക്കെതിരെ ക്രൂര പീഡനം നടക്കുന്ന ജില്ലയാണ് മലപ്പുറം എന്നും അവര്‍ പറഞ്ഞിരുന്നു. മറ്റൊരു ജില്ലയില്‍ നടന്ന സംഭവമായിട്ടുപോലും അതിന്റെ പേരില്‍ മലപ്പുറത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്ഷേപിച്ചത് മനേകാ ഗാന്ധിയുടെ അന്ധമായ മത, രാഷ്ട്രീയ വിരോധം കാരണമായിരുന്നു. ഇപ്പോള്‍ സ്വന്തം സ്ഥാപനത്തില്‍ ജീവനക്കാര്‍ തന്നെ ചികിത്സക്കെത്തിച്ച നായയെ തല്ലിക്കൊന്ന സംഭവം പുറത്തായതോടെ നില്‍കക്കള്ളി ഇല്ലാതെ സ്ഥാപനം തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ് മനേകാ ഗാന്ധി.