അനിത പുല്ലയില്‍ ദശാവതാരം; ഇത്തരം അവതാരങ്ങള്‍ക്കാണ് പിണറായി കാലത്ത് പ്രസക്തിയുള്ളതെന്നും വിഡി സതീശന്‍
അതീവ സുരക്ഷയുള്ള നിയമസഭാ മന്ദിരത്തില്‍ എങ്ങനെയാണ് രണ്ട് ദിവസം അനിത കയറിയിറങ്ങിയത്
തിരുവനന്തപുരം: ലോക കേരള സഭയിലേക്ക് പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്താനായതെന്ന് ചോദിച്ച സതീശന്‍ സര്‍ക്കാരിന് ഇത്തരക്കാരുമായി അടുത്ത ബന്ധമാണെന്നും ആരോപിച്ചു. സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരമായി പുറത്തേക്ക് വരികയാണെന്നും ഇത്തരത്തില്‍ പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
'മുഖ്യമന്ത്രി 2016ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങളുണ്ടാവില്ലെന്നാണ്. ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പത്താമത്തെ അവതാരമെത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവര്‍ക്ക് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോള്‍ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാള്‍ കയറുന്നു. രണ്ട് ദിവസമായി മുഴുവന്‍ സമയവും അവിടെ ഇരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ട് പോയത്. ഇത്തരം അവതാരങ്ങള്‍ക്കാണ് പിണറായി കാലത്ത് ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ളത്. എത്ര അവതാരങ്ങളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. സ്വപ്‌ന സുരേഷിനെ ആരാണ് കൊണ്ട് നടന്നത്. യോഗ്യതയില്ലാഞ്ഞിട്ടും അവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ജോലി കൊടുത്തത് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്നാണ്. എല്ലാക്കാലത്തും ഇത്തരം അവതാരങ്ങളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചയാളാണ് അദ്ദേഹം, വിഡി സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ കേരളത്തില്‍ കലാപം നടത്തേണ്ട എന്ത് കാര്യമാണുള്ളത്. ഭരണകക്ഷി തന്നെ കലാപം നടത്തുകയാണ്. സംസ്ഥാന വ്യാപകമായി അക്രമത്തിന് അഹ്വാനം ചെയ്യുകയാണ്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കൊല്ലുമെന്ന് പ്രധാനേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെ ഭരണകക്ഷി അഴിഞ്ഞാടുന്ന കാലം കേരളത്തില്‍ മുമ്പ് എപ്പോഴെങ്കിലമുണ്ടായിട്ടുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു.
അതേസമയം, അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അനിതയ്ക്ക് ക്ഷണമില്ലായിരുന്നു. ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരളസഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.