റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് നിര്‍വാഹക സമിതി അംഗം കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കല്‍ പുതിയപുരയില്‍ ജനാര്‍ദ്ദനന്‍ (57)ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
പാളത്ത് വീട്ടില്‍ രാമന്‍ എംബ്രോന്‍-ദേവകി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വര്‍ഷമായി ഹോത്ത ബനി തമീമില്‍ മിനിലോറി െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
അഞ്ചുമാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് ശുമൈസി കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാര്‍ദ്ദനന്‍ പിന്നീട് പൂര്‍ണ്ണമായും കോമ സ്‌റ്റേജിലായി. കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാര്‍ദ്ദനെ വീണ്ടും അല്‍ഖര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുടുംബത്തിന്റെ ആവശ്യാര്‍ഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനാല്‍ റിയാദിലെ കോണ്‍വാല്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനാര്‍ദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതം സംഭവിച്ചത്. ഭാര്യ പ്രസീത. മക്കള്‍: പൂജ, അഭിഷേക്. ഉഷ, രവീന്ദ്രന്‍, സുജിത്, ബിജു, പരേതനായ മധുസൂദനന്‍ എന്നിവര്‍ സഹോദരങ്ങളാണ്.