''ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു'' രാഹുല്‍ ഗാന്ധിക്കെതിരേ കേസ്
ന്യൂഡല്‍ഹി: അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരേ നടത്തിയ പ്രതിഷേധത്തിനിടയില്‍ രണ്ട് ബിജെപി എംപിമാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് രാഹുല്‍ഗാന്ധിക്കെതിരേ പോലിസ് കേസെടുത്തു. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയിലാണ് പാര്‍ലമെന്റ് പോലിസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചു, കരുതിക്കൂട്ടി ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചു, ആക്രമണം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അമിത് ഷായുടെ പ്രസ്താവനയെ ചൊല്ലി രാവിലെ പാര്‍ലമെന്റില്‍ 'ഇന്ത്യ' എംപിമാരും എന്‍ഡിഎ എംപിമാരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളും നടന്നിരുന്നു. ഇതില്‍ ഒഡീഷയിലെ ബലാസോരില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിക്കും ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്നുള്ള മുകേഷ് രാജ്പുതിനും പരിക്കേറ്റെന്നാണ് ബിജെപി ആരോപിക്കുന്നത്. രാഹുല്‍ഗാന്ധി ഉന്തിയിട്ടെന്നാണ് രാജ്പുതിന്റെ ആരോപണം.