ഭര്‍ത്താവില്‍ നിന്ന് പണം തട്ടാന്‍ സ്ത്രീകള്‍ പീഡനവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: സുപ്രിംകോടതി

വ്യാജ ഗാര്‍ഹികപീഡന-ബലാല്‍സംഗക്കേസുകള്‍ തടയണം

Update: 2024-12-19 16:46 GMT

ന്യൂഡല്‍ഹി: സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുകയാണെന്ന് സുപ്രിംകോടതി. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകള്‍ ഗാര്‍ഹികപീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ബലാല്‍സംഗം, ക്രൂരത, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിയമങ്ങളും വകുപ്പുകളും പാക്കേജായി ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റീസുമാരായ ബി വി നാഗരത്‌ന, എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

'' ക്രിമിനല്‍ നിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്, എന്നാല്‍ ചിലപ്പോള്‍ ചില സ്ത്രീകള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.''-കോടതി നിരീക്ഷിച്ചു.

''ചില സന്ദര്‍ഭങ്ങളില്‍, ഭാര്യയും അവരുടെ കുടുംബവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ഭര്‍ത്താവിനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കി തങ്ങള്‍ക്ക് ആവശ്യമായത് നേടിയെടുക്കുന്നു. മിക്കവാറും പണം തട്ടാനാണ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. സംരക്ഷണത്തിന് തയ്യാറാക്കിയ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരെ ശാസിക്കാനോ ഭീഷണിപ്പെടുത്താനോ ആധിപത്യം സ്ഥാപിക്കാനോ പണം തട്ടിയെടുക്കാനോ ഉള്ള മാര്‍ഗങ്ങളല്ല എന്ന് സ്ത്രീകള്‍ മനസിലാക്കണം''-കോടതി പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി നിരീക്ഷണം.

വിവാഹമോചിതയായ ഭാര്യക്ക് ഭര്‍ത്താവിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് മറ്റൊരു കേസില്‍ സുപ്രിംകോടതി പറഞ്ഞു. മുന്‍ ഭര്‍ത്താവിന്റെ നിലവിലെ സമ്പത്തും വരുമാനവും പഴയ ബന്ധത്തില്‍ ബാധകമല്ലെന്ന് കോടതി പറഞ്ഞു.

Similar News