വിദേശ പോരാളികള്‍ക്ക് സിറിയന്‍ പൗരത്വം നല്‍കുമെന്ന് അബൂ മുഹമ്മദ് അല്‍ ജൂലാനി

Update: 2024-12-19 15:54 GMT

ദമസ്‌കസ്: ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പിന്തുണ നല്‍കിയ വിദേശ പോരാളികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി. മാധ്യമങ്ങള്‍ പറയുന്നത് പോലെ ലക്ഷക്കണക്കിന് വിദേശപോരാളികളൊന്നും സിറിയയില്‍ ഇല്ലെന്ന് അല്‍ ജൂലാനി പറഞ്ഞു. നാലു മുതല്‍ ഏഴു വര്‍ഷം വരെ ഒരു പ്രദേശത്ത് ജീവിച്ചവര്‍ക്ക് പൗരത്വം നല്‍കുന്ന സമ്പ്രദായം പല രാജ്യങ്ങളിലുണ്ട്. സിറിയക്കാരുടെ താല്‍പര്യം അറിയാവുന്ന വിദേശ പോരാളികള്‍ക്ക് പൗരത്വം നല്‍കുന്നതിന് തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഉയ്ഗൂര്‍ മുസ്‌ലിം സേനകളും ചെച്‌നിയയില്‍ നിന്നുള്ള സൈനിക സംഘങ്ങളും സിറിയയില്‍ എച്ച്ടിഎസിനെ സഹായിച്ചിരുന്നു. റഷ്യ, ഫ്രാന്‍സ്, യുകെ, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, ഫിലിപ്പൈന്‍സ്, മലേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും യുദ്ധത്തില്‍ എച്ച്ടിഎസിനൊപ്പം പങ്കെടുത്തു.


ഉയ്ഗൂര്‍ മുസ്‌ലിം സേന

സിറിയയുടെ ആഭ്യന്തര സ്ഥിരതക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അല്‍ ജൂലാനി പറഞ്ഞു. നിലവില്‍ ഇറാനും ഹിസ്ബുല്ലക്കും രാജ്യത്ത് സ്ഥാനമില്ല. അതിനാല്‍ ഇസ്രായേല്‍ സിറിയയെ ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാവുന്നുണ്ടെന്ന് ലോകരാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സിറിയയില്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്താതെ ഭരണം നടത്തുകയാണെങ്കില്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ നേരിടുന്നതു പോലെയുള്ള ഒറ്റപ്പെടല്‍ എച്ച്ടിഎസ് നേരിടേണ്ടി വരുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. മിതവാദം കാണിച്ചാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതെന്നും അധികാരം ലഭിച്ചപ്പോള്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചെന്നും ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു. അതിനെ തുടര്‍ന്ന് കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും ബ്ലിങ്കന്‍ പറയുന്നു.

Similar News