റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: അറസ്റ്റിലായ ബിജെപി മുന്‍ മന്ത്രിയുടെ മകന്റെ വിവാദ റിസോര്‍ട്ട് പൊളിച്ചുനീക്കി

Update: 2022-09-24 01:36 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശിലെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ പ്രതിയായ ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന വിനോദ് ആര്യയുടെ മകനായ പുള്‍കിത് ആര്യയുടെ വനാന്തര റിസോര്‍ട്ട് ശനിയാഴ്ച പുലര്‍ച്ചെ സര്‍ക്കാര്‍ പൊളിച്ചുനീക്കി. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരമാണ് റിസോര്‍ട്ട് പൊളിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.

അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ റിസോര്‍ട്ടുകളിലും അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ധാമി പറഞ്ഞു. 'ഇത് നിര്‍ഭാഗ്യകരമാണ്. പോലിസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു, അറസ്റ്റ് ചെയ്യാനുള്ള അവരുടെ ജോലി ചെയ്തു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക്, കുറ്റവാളി ആരായാലും കര്‍ശനമായ ശിക്ഷ നല്‍കും- അദ്ദേഹം പറഞ്ഞു.

റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സപ്തംബര്‍ 18നാണ് ആര്യയുടെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19 വയസുകാരി അങ്കിത ഭണ്ഡാരിയെ കാണാതായത്. കേസിന്റെ തുടക്കത്തില്‍ പോലിസുമായി സഹകരിച്ച യുവാവ് വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് കൂട്ടുപ്രതികളോടൊപ്പം ചേര്‍ന്ന് ആര്യ മൃതദേഹം സമീപത്തെ നദിയില്‍ ഒഴുക്കിയെന്നാണ് സംശയിക്കുന്നത്.

Tags:    

Similar News