അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്; ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍നിന്ന് സിഗ്‌നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നത്. മണ്‍കൂനയ്ക്ക് 40 മീറ്റര്‍ അടുത്തുനിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, സ്ഥലത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്.
പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്‌നല്‍ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് നീക്കം. സിഗ്‌നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടാവാം എന്നാണ് കരുതുന്നത്. എന്നാല്‍, മണ്ണിനൊപ്പം തന്നെ ലോഹസാന്നിധ്യം കൂടിയ പാറകളും മണ്ണിനടിയിലുള്ളതിനാല്‍ ഇപ്പോള്‍ ലഭിച്ചത് അതിന്റെ സിഗ്‌നലാകാനും സാധ്യതയുണ്ട്.
ലോറി കരയില്‍ ഇല്ലെന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും. കുടുംബം പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു. തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുമെന്ന വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്തുവന്നെങ്കിലും ഇത് തെറ്റാണെന്നും തിരച്ചില്‍ തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.