ഗംഗാവലിയിലെ അടിയൊഴുക്ക് ശക്തമായി; തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവച്ചു
അങ്കോല (കര്‍ണാടക): അങ്കോലയില്‍ തിരച്ചിലിനിടെ അര്‍ജുന്റെ ലോറി കണ്ടെത്തിയ സാഹചര്യത്തിലും പ്രദേശത്തെ തിരച്ചില്‍ ദുഷ്‌കരമാക്കിക്കൊണ്ട് കാലാവസ്ഥ പ്രതികൂലമാകുന്നു. തുടര്‍ന്ന്, ലോറി കണ്ടെത്താനുള്ള തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷിരൂരില്‍ കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, നദിയിലെ അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ഇതോടെ, തിരച്ചിലിനിറങ്ങിയ നേവിസംഘം തിരിച്ചുകയറിയി.
നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകുന്നുണ്ട്. രാത്രിയും തിരച്ചില്‍ തുടരുമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ ഏത് രീതിയില്‍ തിരച്ചിലുമായി മുന്നോട്ട് പോകാനാകുമെന്നതില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 10 മണി വരെ തിരച്ചില്‍ തുടരാന്‍ തയ്യാറാണെന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്.
കാലാവസ്ഥ ദുഷ്‌കരമായി തന്നെ തുടരുകയാണെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ അറിയിച്ചു. ട്രക്കിന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തിരച്ചില്‍ നാളെ ലക്ഷ്യംകാണും. കൂടുതല്‍ സേനാ വിഭാഗങ്ങളേയും യന്ത്രങ്ങളേയും സ്ഥലത്തെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.