'ലണ്ടൻ, മാലി, ബാങ്കോക്ക്'; കൊച്ചി വിമാനത്താവളത്തിൽ നിന്ന് 300ലേറെ അധിക സർവീസുകൾ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ച് സിയാൽ. ഇപ്പോൾ നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളായി. 2024 മാർച്ച് 31 മുതൽ ഒക്‌ടോബർ 26 വരെയാണ് പ്രാബല്യം. രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്, 66 പ്രതിവാര സർവീസുകൾ.
ദോഹയിലേക്ക് 46 സര്‍വീസുകളും ദുബായിലേക്ക് 45 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്. തായ് എയര്‍വേയ്‌സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കുന്നു. അതോടൊപ്പം തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയര്‍ ഏഷ്യ പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സര്‍വീസുകളുമായി ആകാശ എയര്‍ അന്താരാഷ്ട്ര സെക്ടറില്‍ പ്രവര്‍ത്തനം തുടങ്ങുന്നു.
ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ 7 അധിക വിമാനങ്ങളും എയര്‍ ഏഷ്യ ബെര്‍ഹാദ് കോലാലംപൂരിലേക്ക് ആഴ്ചയില്‍ 5 സര്‍വീസുകളും നടത്തും. ഇന്‍ഡിഗോ ദോഹയിലേക്കും സ്‌പൈസ്‌ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒരു അധിക സര്‍വീസ് കൂടി തുടങ്ങും. ജസീറ എയര്‍വേയ്‌സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാന സര്‍വീസുകള്‍ ആരംഭിക്കും.