കൊച്ചി; യുക്രെയ്‌നില്‍നിന്നു രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്നു(05 മാര്‍ച്ച്) കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി.
ഡല്‍ഹിയില്‍നിന്ന് ഇന്നലെ(04 മാര്‍ച്ച്) രാത്രി പുറപ്പെട്ട ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇന്നു(05 മാര്‍ച്ച്) പുലര്‍ച്ചെ ഒന്നിന് കൊച്ചിയില്‍ എത്തി. ഇതില്‍ 153 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന്(05 മാര്‍ച്ച്) ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.
യുക്രെയിനില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ ഇന്നു മുംബൈയില്‍ എത്തി. ഇവരെ മുംബൈ നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. അഞ്ചു വിദ്യാര്‍ഥികള്‍ ഇന്നു രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തില്‍ നാട്ടിലെത്തും. 22 പേര്‍ രാത്രി 11.40നു കൊച്ചിയില്‍ എത്തും. അഞ്ചു പേര്‍ രാത്രി 12.30നു കണ്ണൂരിലും ഏഴു പേര്‍ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാള്‍ ഷാര്‍ജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.