പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ മറ്റൊരു കേസ് കൂടി
നിലവില്‍ പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്
കോഴിക്കോട്: പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പോലിസ് ഒരു കേസ് കൂടി എടുക്കും.ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല, എന്ന നിയമം നിലനില്‍ക്കെ പരസ്യമായി പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിനായിരിക്കും കേസെടുക്കുക.
കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തി.കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിജയ് ബാബു പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിമര്‍ശനം ഉന്നയിച്ചത്. താനാണ് ഇരയെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടുകയായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും വിജയ് ബാബു പറഞ്ഞു.
നിലവില്‍ പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ യുവനടി തേവര പോലിസ് സ്‌റ്റേഷനിലായിരുന്നു പരാതി നല്‍കിയിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.എന്നാല്‍ വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം വിജയ് ബാബുവിനെ തിരഞ്ഞുകൊണ്ടുള്ള അന്വേഷണത്തിലാണ്.