ബിജെപി വിരുദ്ധസഖ്യം; കെസിആര്‍, ഉദ്ദവ് താക്കറെ കൂടിക്കാഴ്ച ഫെബ്രുവരി 20ന്

Update: 2022-02-16 12:05 GMT

ഹൈദരാബാദ്; തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെയും ഫെബ്രുവരി 20ന് മുബൈയില്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച റാവു ഉദ്ദവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിനിടയില്‍ ഉദ്ദവാണ് കെസിആറിനെ മുംബൈയിലേക്ക് ക്ഷണിച്ചത്.

ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ തെലങ്കാന രാഷ്ട്രസമിതിയുടെയും കെസിആറിന്റെയും പിന്തുണയുണ്ടാവുമെന്ന് ഉദ്ദവ് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രതിയുടെ ഓഫിസ് പറഞ്ഞു.

വിഭാഗീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ബിജെപിയ്‌ക്കെതിരേ കഴിഞ്ഞ ഏതാനും നാളുകളായി കെസിആര്‍ നടത്തുന്ന പ്രരോധത്തെയും പ്രതിഷേധത്തെയും ശിവസേന നേതാവ് അഭിനന്ദിച്ചു. അദ്ദേഹം വേണ്ട സമയത്താണ് തന്റെ ശബ്ദമുയര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടം നിങ്ങള്‍ തുടരുകയാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. ഇക്കാര്യത്തില്‍, പൊതുജന പിന്തുണ സമാഹരിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഞങ്ങള്‍ നല്‍കും- ഉദ്ദവ് പറഞ്ഞു.

കെസിആറിന്റെ സന്ദര്‍ശന സമയത്ത് ഭാവികാര്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ബിജെപിക്കെതിരെ ദേശീയ സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുള്ള തന്റെ പദ്ധതി കെസിആര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. താക്കറെയെ കാണാന്‍ ഉടന്‍ മുംബൈ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് ദിവസത്തിനുള്ളില്‍ കെസിആര്‍ സംസാരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ഉദ്ദവ്. മമതയുമായും അദ്ദേഹം സംസാരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ ദേവഗൗഢയുമായും ടിആര്‍എസ് നേതാവ് സംസാരിച്ചിരുന്നു. കേന്ദ്രം രാജ്യത്തെ മതപരമായി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവഗൗഢ  കുറ്റപ്പെടുത്തി.



Tags:    

Similar News