ഇടുക്കി: ഇടുക്കി ജില്ലയിലെ പോലിസ് സേനാംഗങ്ങള്‍ക്ക് ആന്റിബോഡി പരിശോധനയുമായി ഹൗസിംഗ് സൊസൈറ്റിയും കേരള പോലീസ് വെല്‍ഫെയര്‍ ബ്യൂറോയും പോലീസ് സംഘടനകളും. ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ പോലിസ് സേനാംഗങ്ങളെ ആന്റിബോഡി പരിശോധനക്ക് വിധേയരാക്കുന്നതിലൂടെ കൊവിഡ് കാലത്ത് പോലിസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യം. പൊതുമേഖലാ കമ്പനിയായ എച്ച് എല്ലുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
പരിശോധനയില്‍ ആര്‍ക്കെങ്കിലും പോസിറ്റീവ് ഫലം ലഭിച്ചാല്‍ അവരെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കും. കട്ടപ്പനയില്‍ 156 സേനാംഗങ്ങളേയും കുമളിയില്‍ 109 സേനാംഗങ്ങളേയും ഇടുക്കിയില്‍ 63 സേനാംഗങ്ങളേയും തൊടുപുഴയില്‍ 249 സേനാംഗങ്ങളേയും അടിമാലിയില്‍ 110 സേനാംഗങ്ങളേയും പരിശോധനക്ക് വിധേയരാക്കി. കുട്ടിക്കാനത്ത് വ്യാഴാഴിച്ച നടക്കുന്ന ആന്റിബോഡി പരിശോധനയോടെ ആദ്യ റൗണ്ട് പൂര്‍ത്തീകരിക്കും. ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷമാകും രണ്ടാം റൗണ്ട് പരിശോധന ആരംഭിക്കുകയെന്ന് കെപിഒഎ ജില്ലാ സെക്രട്ടറി പി കെ ബൈജു പറഞ്ഞു.
577 ഓളം പോലീസ് സേനാംഗങ്ങളെ ആദ്യ റൗണ്ടില്‍ ആന്റിബോഡി പരിശോധനക്ക് വിധേയരാക്കുമെന്നും പി കെ ബൈജു പറഞ്ഞു. പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍, ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍ ബോഡംഗം,അഡീഷണല്‍ എസ് പി എന്നിവരടങ്ങുന്ന കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടപടികള്‍ പുരോഗമിക്കുന്നത്.സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇടുക്കി ജില്ലയിലും പോലീസ് സേനാംഗങ്ങള്‍ക്കായി ആന്റിബോഡി പരിശോധന ഒരുക്കിയിട്ടുള്ളത്.