അന്റോണിയോ ഗുത്തേറഷ് വീണ്ടും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍
193 അംഗങ്ങളുള്ള സംഘടന ഏകകണ്ഠേനയാണ് അന്റോണിയോ ഗുത്തേറഷിന് സ്ഥാനത്തുടര്‍ച്ച നല്‍കിയത്
ജനീവ: അന്റോണിയോ ഗുത്തേറഷിനെ വീണ്ടും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി യുഎന്‍ അസംബ്ലി വീണ്ടും തെരഞ്ഞെടുത്തു. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്റോണിയോ ഗുത്തേറഷിന്റെ സ്ഥാനത്തുടര്‍ച്ച. അന്റോണിയോ ഗുത്തേറഷ് അഞ്ചുവര്‍ഷം കൂടി തുടരും. യുഎന്‍ അസംബ്ലി പ്രസിഡന്റ് വോള്‍കന്‍ ബോസ്‌കിര്‍ ആണ് ഗുത്തേറഷിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
193 അംഗങ്ങളുള്ള സംഘടന ഏകകണ്ഠേനയാണ് അന്റോണിയോ ഗുത്തേറഷിന് സ്ഥാനത്തുടര്‍ച്ച നല്‍കിയത്.റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിയുക്ത സെക്രട്ടറി ജനറലിനെ പ്രശംസിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തി മെച്ചപ്പെടുത്താനും ഗുത്തേറഷിന് കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയും തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനാണ് അന്റോണിയോ ഗുത്തേറഷ് വീണ്ടും സ്ഥാനമേല്‍ക്കുക.