ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജു വിചാരണ നേരിടണമെന്ന് വിധിച്ച് സുപ്രിം കോടതി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്. വിധി ആൻ്റണി രാജുവിന് തിരിച്ചടിയായിരിക്കുകയാണ്.
കേസിൻ്റെ പുനരന്വേഷണത്തിനെതിരേ ആൻ്റണി രാജു നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചിൻ്റെ വിധി. ഹൈക്കോടതി നടപടികളിൽ അപാകതയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വേണ്ടിവന്നാൽ കേസ് സിബിഐക്ക് കൈമാറാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ അധീനത്തിലായിരുന്ന തൊണ്ടി മുതലിൽ കൃത്രിമത്വം നടത്തിയത് ഗൗരവത്തോടെയാണ് കോടതി കണ്ടത്.
ലഹരി മരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ അഭിഭാഷകനായ ആൻ്റണി രാജുവും കോടതി ക്ലാർക്കായ ജോസും ചേർന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ രൂപമാറ്റം വരുത്തിയെന്നായിരുന്നു കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ( 2 ) ലാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നത്. 1994 ലാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.