വിവാദ ട്വീറ്റ്: വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നും വിവേക് എഎന്‍ഐയോട് പ്രതികരിച്ചു.

Update: 2019-05-21 00:58 GMT

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമാണ് വിവാദമായത്. ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു മീം. സ്ത്രീത്വത്തെ അപമാനിച്ച വിവേക് ഒബ്‌റോയിയെ അറസ്റ്റ് ചെയ്യണമെന്ന എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചത്.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയന്‍ പോള്‍' എന്നാണ് മീമില്‍ കുറിച്ചത്. 2002ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്‌സിറ്റ് പോള്‍' എന്നാണ് മീമില്‍ ഉള്ളത്.

വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യഅഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിങ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്.

അതേസമയം, തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നും വിവേക് എഎന്‍ഐയോട് പ്രതികരിച്ചു.

Tags:    

Similar News