മാസ്‌കും ഹെല്‍മറ്റുമില്ലാതെ ഭാര്യയ്‌ക്കൊപ്പം ബൈക്ക് സവാരി; ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരേ കേസും പിഴയും (വീഡിയോ)

ജുഹൂ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ഭാര്യ പ്രിയങ്ക അല്‍വ ഒബറോയിക്കൊപ്പം തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ഭാര്യയ്‌ക്കൊപ്പം വിവേക് ഒബ്‌റോയി മുംബൈ നഗരത്തിലൂടെ കറങ്ങിയത്.

Update: 2021-02-21 03:10 GMT

മുംബൈ: മാസ്‌ക് ധരിക്കാതെ ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജുഹൂ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ഭാര്യ പ്രിയങ്ക അല്‍വ ഒബറോയിക്കൊപ്പം തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ഭാര്യയ്‌ക്കൊപ്പം വിവേക് ഒബ്‌റോയി മുംബൈ നഗരത്തിലൂടെ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവേക് ഒബ്‌റോയ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.

തുടര്‍ന്നാണ് പോലിസ് വിവേക് ഒബ്‌റോയിക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് 500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വൈറസ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും മുംബൈ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2020ലെ മഹാരാഷ്ട്ര കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ ശിക്ഷാനിയമം 188 (പൊതുസേവകന്‍ യഥാസമയം പ്രഖ്യാപിച്ച ഉത്തരവ് അനുസരിക്കാതിരിക്കുക), 269 (കുറ്റകരമായ അശ്രദ്ധ കാണിച്ച് ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വൈറസ് പരത്തുക) തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം മോട്ടോര്‍ വാഹന നിയമലംഘനവും അടക്കമുള്ള വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ആറുമാസംവരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ലഭിക്കുക.

Tags:    

Similar News